- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരക്കോടി മുടക്കി വിവാഹ സത്കാരം; ഒരുമിച്ച് ജീവിതം തുടങ്ങും മുന്‍പേ സ്ത്രീധനത്തിന്റെ പേരില്‍ തര്‍ക്കം; കുടുംബങ്ങള്‍ ഇടപെട്ട് ശ്രീലങ്കയിലേക്ക് ഹണിമൂണിനയച്ചു; പിന്നാലെ നവവധുവിന്റെ ആത്മഹത്യ; അന്വേഷണത്തിനിടെ വരനും മരിച്ച നിലയില്‍; ഭര്‍തൃമാതാവ് ഗുരുതരാവസ്ഥയില്‍
ബെംഗളുരു: ബംഗളുരുവില്‍ അത്യാഡംബര വിവാഹത്തിനു പിന്നാലെ സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ നവവധു ജീവനൊടുക്കിയ കേസില്‍ വന്‍ട്വിസ്റ്റ്. സ്ത്രീധന പീഡനആരോപണ വിധേനായ ഭര്‍ത്താവിനെ മഹാരാഷ്ട്രയിലെ ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അതിഥികളുടെ സത്കാരത്തിനുമാത്രം 50 ലക്ഷം രൂപ മുടക്കി വിവാഹം കഴിച്ച രാമമൂര്‍ത്തി നഗര്‍ സ്വദേശിനിയായ ഗായിക ജാന്‍വിയുടെ മരണം സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ജാന്‍വിയുടെ ഭര്‍ത്താവ് സൂരജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാന്‍വിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവും മാതാവും നാടുവിട്ടിരുന്നു. നാഗ്പൂരിലേക്കാണ് ഇരുവരും കടന്നത്. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിനെ മരിച്ച നിലയിലും അമ്മയെ ഗുരുതരാവസ്ഥയിലും കണ്ടത്. സൂരജിന്റെ അമ്മ ജയന്തിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ 29നാണ് രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ ഗായിക ജാന്‍വി സൂരജിനെ വിവാഹം കഴിക്കുന്നത്. ജീവിതം തുടങ്ങും മുന്‍പേ അടി തുടങ്ങി. കുടുംബങ്ങള്‍ ഇടപെട്ടു ഇരുവരെയും ശ്രീലങ്കയിലേക്ക് ഹണിമൂണിനു വിട്ടെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു സ്വന്തം വീട്ടിലെത്തിയ ജാന്‍വി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. പാലസ് ഗ്രൗണ്ടില്‍ നടത്തിയ വിവാഹ സത്കാരത്തിനുമാത്രം ജാന്‍വിയുടെ കുടുംബം അമ്പത് ലക്ഷം രൂപ മുടക്കിയിരുന്നു. ഭര്‍ത്താവ് സൂരജിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനമാണു ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.പിറകെ സൂരജും അമ്മ ജയന്തിയും ഒളിവില്‍പോയി. സമൂഹ മാധ്യമങ്ങളില്‍ സൂരജിനും കുടുംബത്തിനുമെതിരെ ആക്രമണങ്ങളും വിമര്‍ശനവും കടുത്തു.
ഇന്നു രാവിലെയാണു സൂരജിനെ പൂനെയിലെ ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കൂടെ ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ജയന്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കുമെതിരെ സ്ത്രീധന പീഡന നിരോധന നിയമം ,ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവില്‍ നിന്നും ഭര്‍ത്യ വീട്ടുകാരില്‍ നിന്നും ഉണ്ടായ ക്രൂരമായ പീഡനമാണ് മകളും ആത്മഹത്യയ്ക്ക് കാരണമെന്ന് പിതാവ് ശശി ആരോപിച്ചു.
ജാന്‍വിയെ ആര്‍ഭാടപൂര്‍വം വിവാഹം കഴിപ്പിച്ച് അയച്ചിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സൂരജും സൂരജിന്റെ അമ്മ ജയന്തിയും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ശശിയുടെ ആരോപണം. സംഭവത്തില്‍ രാമൂര്‍ത്തി നഗര്‍ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഒന്നര മാസം മുമ്പായിരുന്നു ജാന്‍വിയുടേയും സൂരജിന്റെയും വിവാഹം. എന്നാല്‍, ഭര്‍തൃ വീട്ടുകാരുടെ നിര്‍ദേശപ്രകാരം വിവാഹ റിസപ്ഷന്‍ നടത്തിയത് ഒരു മാസം കഴിഞ്ഞാണ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ലക്ഷങ്ങള്‍ ചെലവിട്ട് പാര്‍ട്ടി. ഇതിനു പിന്നാലെ ശ്രീലങ്കയിലേക്ക് 10 ദിവസത്തെ മധുവിധു ആഘോഷത്തിന് ഇരുവരും തിരിച്ചെങ്കിലും 5 ദിവസം കഴിഞ്ഞപ്പോള്‍ മടങ്ങി എത്തുകയായിരുന്നു. പിന്നാലെ മകളെ കൂട്ടിക്കൊണ്ടുപോകാന്‍ സൂരജ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ശശി ആരോപിച്ചു. അതേസമയം ജാന്‍വിയുടെ മുന്‍ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണു സ്വന്തം വീട്ടിലേക്കു വിട്ടതെന്നാണു സൂരജിന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ വാദം.
ഇന്നലെയാണ് ജാന്‍വി മരിച്ചത്. ശ്രീലങ്കയില്‍ ഹണിമൂണ്‍ കഴിഞ്ഞെത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. സ്ത്രീധന പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സൂരജിനും അമ്മ ജയന്തിക്കും സഹോദരനുമെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. വനിതാ കമ്മീഷനും ആശങ്ക അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാരിന് വനിതാ കമ്മീഷന്‍ കത്തയച്ചു.




