കോഴിക്കോട്: നഗരത്തില്‍ രണ്ട് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അരക്കോടിയോളം വിലമതിക്കുന്ന എംഡിഎംഎയുമായി വിമുക്തഭടന്‍ ഉള്‍പ്പെടെ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മര്‍ഹബ ലോഡ്ജില്‍ മെഡിക്കല്‍ കോളജ് പൊലീസും ഡാന്‍സഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. സംഭവത്തില്‍ കല്ലാച്ചി വാണിമേല്‍ സ്വദേശി താഴെ ചെലങ്കണ്ടി വീട്ടില്‍ ഷംസീറിനെ (36) പോലിസ് അറസ്റ്റ് ചെയ്തു.

17 വര്‍ഷത്തോളം വിദേശത്ത് ജോലിചെയ്തയാളാണ് പ്രതി. ആറുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി നിലവില്‍ പാലാഴിയിലെ ഭാര്യവീട്ടിലാണ് താമസം. ഇവിടെ താമസിച്ച് വന്‍ മയക്കു മരുന്ന് കച്ചവടമായിരുന്നു പ്രതി നടത്തിയിരുന്നത്. ഡാന്‍സഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരു, ഗോവ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്നും മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് ചെറുകിട വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ് ഷംസീറെന്ന് പോലിസ് വെടളിപ്പെടുത്തി.

പൊലീസിന് സംശയം തോന്നാതിരിക്കാന്‍ ആശുപത്രികള്‍ക്കടുത്തുള്ള ചെറിയ ലോഡ്ജുകളിലാണ് റൂം എടുക്കുക. ഇയാള്‍ കുറച്ചുകാലങ്ങളായി ഡാന്‍സഫ് സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. വന്‍തോതിലാണ് ഇയാള്‍ എംഡിഎംഎ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്.

കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയിലൊണ് രണ്ടാമത്തെ സംഭവം. പയ്യെടിത്താഴത്ത് വാടക വീട്ടില്‍ വിമുക്തഭടനും യുവതിയുമടക്കം മൂന്നുപേര്‍ 8.32 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. നല്ലളം ജയന്തി റോഡ് സ്വദേശി അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് ഷാഫി (26), വിമുക്തഭടനും തൊട്ടില്‍പ്പാലം കുണ്ടുതോട് സ്വദേശിയുമായ ഒറ്റപ്പിലാവുള്ളതില്‍ വീട്ടില്‍ സിഗിന്‍ ചന്ദ്രന്‍ (36), മോഡലും ബ്യൂട്ടീഷ്യനുമായ കുറ്റ്യാടി മൊയിലോത്തറ സ്വദേശിനി കോയിലോത്തുംതറ വീട്ടില്‍ ദിവ്യ (35) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസും ഡാന്‍സഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

15 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സിഗിന്‍ ചന്ദ്രന്‍ മുഹമ്മദ് ഷാഫിയുമായി സൗഹൃദത്തിലാകുകയും ഷാഫി സിഗിന്‍ ചന്ദ്രനെ ലഹരി വില്പനയുടെ വഴിയിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പിനാണെന്ന് പറഞ്ഞ് ആറുമാസം മുന്‍പേ വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ മാളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരാണി വര്‍ എന്ന് പൊലീസ് പറഞ്ഞു.