- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് യുവതിയുടെ ഫോട്ടോ കാണിച്ച് തട്ടിയെടുത്തത് 3.81 ലക്ഷവും അഞ്ചു പവനും; വിവാഹ സമയം അടുത്തപ്പോള്‍ വധു അപകടത്തില്‍ മരിച്ചെന്ന് വിശദീകരണം! വിവാഹ ബ്രോക്കറും ബന്ധുവായ സ്ത്രീയും ചേര്‍ന്ന് ചതിച്ച വീട്ടമ്മയുടെ പരാതിയില്‍ കേസ് എടുത്തെങ്കിലും അന്വേഷണം പോലീസ് അട്ടിമറിക്കുന്നുവെന്ന് പരാതി
വിവാഹ തട്ടിപ്പില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നു

ചെങ്ങന്നൂര്‍: വിവാഹപ്രായം കഴിഞ്ഞ മകന് വധുവിനെ കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്, യുവതിയുടെ ചിത്രം കാണിച്ച് 3.81 ലക്ഷം രൂപയും അഞ്ചു പവന്‍ സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പരാതി. പ്രതികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പരാതിക്കാരിയെ കൊണ്ട് തിരിച്ചറിഞ്ഞതിന് ശേഷവും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചുവെന്നും ആക്ഷേപം.
കല്ലിശേരി സ്വദേശിയാണ് പരാതിക്കാരി. വിദേശത്ത് ജോലി ചെയ്യുന്ന 42 വയസുള്ള ഇവരുടെ മകന് വിവാഹം കഴിപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ കാണിച്ചായിരുന്നു തട്ടിപ്പ്. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം മേയ് 30 വരെ പല തവണയായി 3,81,500 രൂപയും അഞ്ചു പവന്‍ സ്വര്‍ണാഭരണവും വിവാഹ ബ്രോക്കര്‍ അടക്കം രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് പരാതി. ഇവരുടെ പരാതി പ്രകാരം പന്തളം പെരുമ്പുളിക്കല്‍ സ്വദേശിനി സുഭദ്രാമ്മാള്‍, പത്തനംതിട്ട സ്വദേശിനി ലത, പത്തനംതിട്ട മലയാലപ്പുഴ താഴം സ്വദേശി സുശീല എന്നിവരെ പ്രതികളാക്കി കഴിഞ്ഞ മാസം 11 ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ ഇട്ടത്. ഇതില്‍ ലത സാങ്കല്‍പ്പിക കഥാപാത്രവും ഫോണില്‍ മാത്രം പ്രത്യക്ഷപ്പെടുന്നയാളുമാണ്.
പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് പുറത്തു വരുന്നത് സിനിമയെ വെല്ലുന്ന തട്ടിപ്പിന്റെ കഥയാണ്.
കല്യാണ ബ്രോക്കറായ മലയാലപ്പുഴക്കാരി സുശീലയും പരാതിക്കാരിയുടെ ബന്ധു കൂടിയായ സുഭദ്രയും ചേര്‍ന്ന് ലത എന്ന യുവതിയുടേതാണെന്ന് പറഞ്ഞ് ഒരു മൊബൈല്‍ നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 42 വയസാണ് പരാതിക്കാരിയുടെ മകന്. ഇതു വരെ വിവാഹം ആയിട്ടില്ല. വിവാഹാലോചന വഴിയാണ് കല്യാണ ബ്രോക്കറായ മലയാലപ്പുഴക്കാരി സുശീലയെ പരിചയം. ഇവരാണ് സുഭദ്രയുടെ നമ്പര്‍ കൊടുത്തിട്ട് അതില്‍ വിളിക്കാന്‍ പരാതിക്കാരിയോട് പറയുന്നത്. ഇങ്ങനെ വിളിച്ചപ്പോഴാണ് ലത എന്നു പറയുന്ന യുവതിയുടെ കാര്യം പറയുന്നത്. ലതയാണെന്ന് പറഞ്ഞ് ഒരു ഫോട്ടോ സുശീലയും സുഭദ്രയും ചേര്‍ന്ന് പരാതിക്കാരിയെ കാണിച്ച് വിശ്വസിപ്പിച്ചു. ലതയെ പരാതിക്കാരിയുടെ മകന് വിവാഹം കഴിച്ചു കൊടുക്കാമെന്ന് ഇവര്‍ പറഞ്ഞു. ഫോട്ടോയിലെ സുന്ദരിയെ കണ്ട് ഇഷ്ടപ്പെട്ട പരാതിക്കാരിയും മകനും ലതയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ലത രാജസ്ഥാനിലെ തുണിമില്ലില്‍ ജോലി ചെയ്യുകയാണെന്നും പക്ഷേ, അവര്‍ക്ക് ഏഴു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നും അത് തീര്‍ത്താല്‍ മാത്രമേ വിവാഹം നടക്കുകയുള്ളൂവെന്നും പരാതിക്കാരിയെയും മകനെയും പ്രതികള്‍ വിശ്വസിപ്പിച്ചു.
ഫോട്ടോയില്‍ കാണിച്ച ലതയുടേതാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പരും പ്രതികള്‍ പരാതിക്കാരിക്കും മകനും കൈമാറി. മകനാകട്ടെ ഈ നമ്പരില്‍ വിളിച്ചു സംസാരിച്ചു. അങ്ങനെ മറുതലയ്ക്കലുള്ള യുവതിയുമായി ഒരു ആത്മബന്ധമായി. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. ലത അച്ഛനും അമ്മയും മരിച്ച അനാഥയാണെന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്നാണ് തട്ടിപ്പ് അരങ്ങേറിയത്. ലതയുടെ കടങ്ങള്‍ കുറേശെയായി വീട്ടാന്‍ പരാതിക്കാരിയും മകനും തീരുമാനിച്ചു. പണമായും സ്വര്‍ണമായും കിട്ടുന്നത് കൊടുത്താല്‍ മതിയെന്നാണ് സുഭദ്ര പറഞ്ഞിരുന്നത്. 2022 ജൂലൈ 13 ന് ആദ്യം മകന്റെ മൂന്നു പവന്‍ സ്വര്‍ണമാല ഊരി സുഭദ്രയെ ഏല്‍പ്പിച്ചു. 17 ന് വീണ്ടും വീട്ടിലെത്തിയ സുഭദ്ര ആദ്യം കിട്ടിയ മാല തികഞ്ഞില്ലെന്ന് പറഞ്ഞ് പരാതിക്കാരിയുടെ രണ്ടു പവന്‍ മാല കൂടി വാങ്ങിക്കൊണ്ടു പോയി. ഇതിനിടെ അമ്മയെയും മകനെയും ഫോണില്‍ വിളിച്ച് ലത വിശ്വാസമാര്‍ജിക്കുന്ന തരത്തില്‍ സംസാരിച്ചു പോന്നു.
അതിന് ശേഷം 2.61 ലക്ഷം രൂപ ലത പറഞ്ഞ അക്കൗണ്ടിലേക്ക് ആദ്യം അയച്ചു. പിന്നീട് എട്ടു തവണയായി 80000 രൂപയും നാലു തവണയായി 40000 രൂപയും അയച്ചു കൊടുത്തു. ഏറ്റവും ഒടുവിലായി കഴിഞ്ഞ വര്‍ഷം മേയ് 14 നാണ് പണം നല്‍കിയത്. ഉടന്‍ കല്യാണം നടത്താമെന്ന് ധാരണയായതിനെ തുടര്‍ന്ന് മേയ് 28 ന് വിദേശത്ത് നിന്ന് പരാതിക്കാരിയുടെ മകന്‍ നാട്ടില്‍ വന്നു. 30 ന് വിവാഹം നടത്താമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്.
പിന്നാലെ സുഭദ്രയുടെ ഞെട്ടിക്കുന്ന ഫോണ്‍ എത്തി. ഝാര്‍ഖണ്ഡില്‍ നിന്ന് ലത വിമാനത്താവളത്തിലേക്ക് ഓട്ടോയില്‍ വരും വഴി അപകടത്തില്‍ മരിച്ചെന്നും ഈ വിവരം മകനോട് പറയേണ്ട എന്നുമായിരുന്നു സുഭദ്രയുടെ ഫോണ്‍ സന്ദേശം. ഇതോടെ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരിക്കും മകനും മനസിലായി. ലത എന്ന പേരില്‍ തങ്ങളോട് സംസാരിച്ചത് സുഭദ്രയുടെ അടുത്ത ബന്ധുവാണെന്ന് ഇവര്‍ക്ക് സംശയമുണ്ട്. പറ്റിക്കപ്പെട്ടുവെന്ന് മനസിലായ അമ്മയും മകനും പോലീസില്‍ പരാതി കൊടുത്തു. പ്രതികളെ പോലീസ് വിളിച്ചുവെങ്കിലും സ്റ്റേഷനില്‍ വന്നില്ല.
പരാതിക്കാരിയും മകനും സുശീലയെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ സുഭദ്രയ്ക്ക് വലിയ പിടിപാടുണ്ടെന്നും അവരോട് മുട്ടാന്‍ നില്‍ക്കേണ്ട എന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഒന്നാം പ്രതി സുശീലയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതിക്കാരിയെ വിളിച്ച് കാണിച്ച് പ്രതി ഇവര്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍, പിന്നീട് വിചിത്ര സംഭവങ്ങളാണ് നടന്നത്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പോലീസ് വിട്ടയച്ചുവെന്ന് പരാതിക്കാരി പറയുന്നു. മൂന്നാം പ്രതി സുഭദ്രയ്ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ടത്രേ.
അതേ സമയം, കേസ് അന്വേഷണത്തിന്റെ വഴിയില്‍ ആയതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ചെങ്ങന്നൂര്‍ എസ്എച്ച്ഓ. പ്രതികളെന്ന് 'ആരോപിക്കപ്പെടുന്നവരെ' വിളിച്ചു വരുത്തി മൊഴി എടുത്ത് വിട്ടയച്ചു. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നുമാണ് എസ്എച്ച്ഓ അറിയിക്കുന്നത്.
സാധുക്കളായ അമ്മയും മകനുമാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. പ്രതികള്‍ക്ക് വലിയ രാഷ്ട്രീയപോലീസ് ബന്ധമുള്ളവരാണെന്ന് പറയപ്പെടുന്നു. ഈ സ്വാധീനം കാരണമാണ് ഇവരെ വിട്ടയച്ചത് എന്നാണ് ആരോപണം.
പരാതിയുമായി അമ്മയും മകനും പല തവണ പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും കേസ് എടുക്കാതെ വന്നപ്പോള്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരം എഫ്‌ഐആര്‍ ഇട്ട് നടത്തുന്ന അന്വേഷണമാണ് ഇപ്പോള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.


