ചെന്നൈ: മകനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അമ്മയേയും അച്ഛനെഉം ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. തമിഴ്‌നാട്ടിലെ വീരപാണ്ഡിയില്‍ നടന്ന കൊലപാതകത്തില്‍ അമ്മയ്ക്ക് ഇരട്ട ജീവപര്യന്തവും അച്ഛന് ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. കൂടാതെ ഇരുവരും പിഴയും അടക്കണം. ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന അജിത് കുമാറിനെയാണ്അച്ഛനും അമ്മയും ചേര്‍ന്ന് കൊന്നത്.

2024 ഓഗസ്റ്റ് 24 നാണ് അച്ഛനും അമ്മയും ചേര്‍ന്ന് മകനെ കൊലപ്പെടുത്തിയ സംഭവം. വീരപാണ്ഡി സ്വദേശികളായ അഭിമന്നനും ഭാര്യ രാജാമണിയും ചേര്‍ന്നാണ് 27 വയസ്സുള്ള മകന്‍ അജിത് കുമാറിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ജോലിക്ക് പോകാതെ മദ്യപിച്ച് കറങ്ങി നടന്ന മകനെ ഇരുവര്‍ക്കും ഇഷ്ടമല്ലായിരുന്നു. വീരപാണ്ഡക്കടുത്തുള്ള ഐങ്കാല്‍പെട്ടി എന്ന സ്ഥലത്തെ റോഡരികില്‍ വച്ചായിരുന്നു കൊലപാതകം. ഇതിനു ശേഷം മൃതദേഹം ഉന്തുവണ്ടിയില്‍ കയറ്റി ശ്മശാനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു.

അജിത് കുമാര്‍ ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങി നടക്കുന്നത് സംബന്ധിച്ച് വീട്ടില്‍ വഴക്ക് പതിവായിരുന്നു. അച്ഛന്‍ ഇല്ലാത്ത സമയങ്ങളില്‍ അമ്മയോട് മോശമായി സംസാരിക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് അജിതിനെ കൊലപ്പെടത്തിയത്. കയര്‍ കൊണ്ട് കൈകാലുകള്‍ കെട്ടിയ ശേഷം അഭിമന്നന്‍ വടികൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. അമ്മ രാജാമണി വെട്ടുകത്തി കൊണ്ട് മുഖത്തും തലയിലും കാലിലും വെട്ടുകയും ചെയ്തു. തുടര്‍ന്ന് വീരപാണ്ഡി പോലീസ് ഇുവരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. കൊലപാതക വിവരം അറിഞ്ഞ് നാട്ടുകാര്‍ ഞെട്ടി.

തേനി ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നടന്ന വിചാരണക്കൊടുവിലാണ് രണ്ടു പേര്‍ക്കും ശിക്ഷ വിധിച്ചത്. അമ്മ രാജാമണിക്ക് ഇരട്ട ജീവപര്യന്തവും 10000 രൂപ പിഴയുമാണ് ശിക്ഷ. അച്ഛന് ജീവപര്യന്തം തടവും അയ്യായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം തടവ് അനുഭവിക്കണം.