ലഖ്‌നൗ: നീറ്റ് പ്രവേശന പരീക്ഷ എഴുതാന്‍ നിരന്തരം നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കലിപൂണ്ട പത്തൊന്‍പതുകാരന്‍ പിതാവിനെ വെടിവെച്ചുകൊന്നു. കൊലപാതക വിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു വീടിനുള്ളിലെ ഡ്രമ്മില്‍ ഒളിപ്പിച്ചു. ലഖ്‌നൗവിലെ വര്‍ധമാന്‍ പാത്തോളജി ഉടമയായ മാന്‍വേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റുചെയ്തു. മാന്‍വേന്ദ്രയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്.

ബി.കോം വിദ്യാര്‍ത്ഥിയായ അക്ഷതിനെ നീറ്റ് പരീക്ഷയെഴുതാന്‍ മാനവേന്ദ്ര നിരന്തരം നിര്‍ബന്ധിക്കുകയും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. ഭാര്യ മരിച്ചതിനാല്‍ മാനവേന്ദ്രയും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 20 മുതല്‍ മാന്‍വേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകന്‍ അക്ഷതിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. 2018-ല്‍ അമ്മ മരിച്ചതിനെത്തുടര്‍ന്ന് പിതാവിനും സഹോദരിക്കുമൊപ്പമാണ് അക്ഷതിന്റെ താമസം.

പ്ലസ് ടുവിന് ബയോളജി പഠിച്ചിരുന്ന അക്ഷത് കോളേജില്‍ ചേര്‍ന്ന് ബി.കോം തിരഞ്ഞെടുത്തു. എന്നാല്‍ മകന്‍ ഡോക്ടറാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അതിനാല്‍ മാനവേന്ദ്ര നീറ്റ് പരീക്ഷയ്ക്ക് പഠിക്കാന്‍ അക്ഷതിനെ നിരന്തരം നിര്‍ബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി സംഭവദിവസം വീട്ടിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ അക്ഷത് തോക്കെടുത്ത് പിതാവിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പിതാവിന്റെ ശരീരത്തോട് അതിക്രൂരമായാണ് അക്ഷത് പെരുമാറിയത്.

വീടിന്റെ മൂന്നാം നിലയില്‍വെച്ച് നടത്തിയ കൊലപാതകത്തിന് ശേഷം മൃതദേഹം താഴത്തെ നിലയിലെത്തിച്ച് കഷ്ണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങളില്‍ ചിലത് സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിക്കുകയും ബാക്കിയുള്ളവ വീട്ടിനുള്ളിലെ പ്ലാസ്റ്റിക് ഡ്രമ്മില്‍ ഒളിപ്പിക്കുകയുമായിരുന്നു. ആരുടെയും സഹായമില്ലാതെയാണ് അക്ഷത് കൊടുംക്രൂര കൃത്യം ചെയ്തത്. പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍നിന്ന് മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും നിയമനടപടികള്‍ ആരംഭിച്ചതായും ഡി.സി.പി വിക്രാന്ത് വീര്‍ അറിയിച്ചു.