ന്യൂഡല്‍ഹി: അശ്ലീല വെബ്‌സീരിസുകളും, വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പണം ഈടാക്കി പോണ്‍ വീഡിയോസ് സംപ്രേഷണം ചെയ്യുന്ന ഒടടി പ്ലാറ്റ്‌ഫോമുകളാണ് ഇവ. ഫെബ്രുവരി 24-നാണ് മന്ത്രാലയം 5 ഒിടിടി ആപ്പുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഈ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലും ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഐടി ചട്ടങ്ങള്‍ അനുസരിച്ച് ഇത്തരം പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം തടയാന്‍ സര്‍ക്കാരിന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കാം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 69A പ്രകാരം സര്‍ക്കാരിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ പ്ലാറ്റ്ഫോമുകള്‍ ബ്ലോക്ക് ചെയ്തത്. 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങള്‍ക്കും അശ്ലീലതയ്ക്കെതിരായ നിയമങ്ങള്‍ക്കും വിധേയമായി ഈ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്‌സസ് തടയാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ആപ്പുകള്‍ അശ്ലീല ഉള്ളടക്കവും സദാചാര ലംഘനവും നടത്തിയെന്നാണ് കണ്ടെത്തല്‍. പൊതു മര്യാദ നിലനിര്‍ത്തുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ധാര്‍മ്മികമായ രീതികള്‍ ഉറപ്പാക്കുന്നതിനുമാണ് ആപ്പുകള്‍ ബാന്‍ ചെയ്തതെന്ന് കേന്ദ്രം വ്യക്തമാക്കി.

ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം ഇന്ത്യന്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തില്‍ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്ടിലെ സെക്ഷന്‍ 79(3)(ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്.