ഗാസിയാബാദ്: സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഗുരുഗ്രാമിലാണ് സംഭവം. 23കാരിയായ നഴ്‌സ് കാജലാണ് കൊല്ലപ്പെട്ടത്. പ്രണയവിവാഹത്തിനൊടുവില്‍ നാലു മാസങ്ങള്‍ക്ക് ശേഷമാണ് കാജല്‍ കൊല്ലപ്പെടുന്നത്. റേഡിയോളജിസ്റ്റായ ഭര്‍ത്താവ് അരുണ്‍ ശര്‍മയാണ് കാജലിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് വ്യക്തമാക്കി. ഗാസിയാബാദിലെ ബെഹ്ത ഹാജിപൂര്‍ സ്വദേശിയാണ് അരുണ്‍.

ഗുരുഗ്രാമിലെ ഒരു നഴ്‌സിങ് ഹോമില്‍ ഒന്നിച്ച് ജോലി ചെയ്യവെയാണ് അരുണും കാജലും പരിചയപ്പെടുന്നതും പ്രണയിച്ചു വിവാഹം കഴിക്കുന്നതും. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ ഇരുവരും സന്തോഷത്തോടെ ജീവിച്ചെങ്കിലും പിന്നീട് അരുണ്‍ നിസാര കാര്യങ്ങളുടെ പേരില്‍ ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. സ്ത്രീധനത്തിന്റെ പേരില്‍ ശല്യപ്പെടുത്താനും പണം ആവശ്യപ്പെട്ട് ഉപദ്രവിക്കാനും തുടങ്ങി. ഇതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കവും പ്രശ്‌നങ്ങളുമായി.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലാം തീയതി ഹോളി ആഘോഷത്തിനായി കാജലും അരുണും കാജലിന്റെ വീട്ടിലേക്ക് പോയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.. 17ന് രാത്രി അരുണ്‍ മദ്യപിച്ചാണ് കാജലിന്റെ വീട്ടിലെത്തിയത്. മദ്യലഹരിയില്‍ അരുണ്‍ കാജലിനെ മര്‍ദിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം അതിനെ പറ്റി സംസാരിക്കുന്നതിനിടയിലും ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാവുകയും പിന്നാലെ കാജലിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആസമയത്തൊന്നും വീട്ടുകാര്‍ അരുണിനെ സംശയിച്ചിരുന്നുല്ല. പിന്നീട് വീട്ടിലെ ശുചിമുറിയില്‍ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തിയതായി കാജലിന്റെ കുടുംബം പൊലീസിനെ അറിയിച്ചു. പിന്നാലെ അരുണ്‍ മകളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. പിന്നാലെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ താന്‍ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ കുറ്റ സമ്മതം നടത്തുകയും പോലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.