ആലപ്പുഴ: എട്ടാം ക്ലാസ്സുകാരനായ മകൻ വീട്ടിൽനിന്ന് അമിതമായി പണം കൈക്കലാക്കുന്നത് എന്തിനെന്ന ഒരമ്മയുടെ അന്വേഷണം ചെന്നെത്തിയത് നിരോധിത പുകയില ഉല്പന്നങ്ങളുടെ വിതരണക്കാരനിൽ. സംഭവത്തിൽ ഇരവുകാട് അച്ചാപ്പു മൻസിലിൽ ഷിജുവിനെ (49) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മാതൃകാപരമായ ഇടപെടലിലൂടെ സ്വന്തം മകനെയും മറ്റ് വിദ്യാർഥികളെയും ലഹരിയുടെ കെണിയിൽനിന്ന് രക്ഷിച്ച അമ്മയുടെ ധീരതയാണ് ഇപ്പോൾ നാടിന്റെ പ്രശംസ പിടിച്ചുപറ്റുന്നത്.

തന്റെ ബാഗിൽനിന്ന് മകൻ പതിവായി പണമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അമ്മ അന്വേഷണം തുടങ്ങിയത്. മകന്റെ മുറി പരിശോധിച്ച അമ്മയ്ക്ക് കുളിമുറിയിലെ ടോയ്‌ലറ്റ് ഫ്ലഷിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പുകയില ഉല്പന്നങ്ങൾ ലഭിച്ചു. എന്നാൽ മകനോട് ഇക്കാര്യം ചോദിക്കാതെ അവർ നിശബ്ദത പാലിച്ചു. അടുത്ത ദിവസം സ്കൂളിലേക്ക് പോയ മകനെ അവനറിയാതെ അമ്മ പിന്തുടർന്നു. സ്കൂളിന് സമീപത്തെ കടയിൽനിന്ന് മകൻ പുകയില ഉല്പന്നം വാങ്ങുന്നത് നേരിൽ കണ്ടതോടെ അവർ വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു.

സ്കൂൾ അധികൃതർ നൽകിയ വിവരമനുസരിച്ച് സൗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഷിജു പിടിയിലായത്. തിരുവമ്പാടി കള്ളുഷാപ്പിന് സമീപമുള്ള ഇയാളുടെ പെട്ടിക്കടയിൽനിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പുകയില ഉല്പന്ന ശേഖരവും പോലീസ് പിടിച്ചെടുത്തു. മുൻപും സമാനമായ കേസിൽ ഇയാൾ പലതവണ പിടിയിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും വില്പന പുനരാരംഭിക്കുകയായിരുന്നു.

സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. വിനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. നവീൻ ജോർജ് ഡേവിഡ്, സി.പി.ഒ.മാരായ ജി. അരുൺ, ഡാരിൽ നെൽസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.