കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടക്കുന്നു. എറണാകുളം തേവയ്ക്കലിനെ വീട്ടിലാണ് പരിശോധന. വീടിന്റെ കതക് തകര്‍ത്താണ് എന്‍.ഐ.എയുടെ എട്ടംഗ സംഘം അകത്ത് കടന്നത്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം. റെയ്ഡ് തുടരുകയാണ്.

മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധന. എന്‍.ഐ.എ.യുടെ തെലങ്കാനയില്‍ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. വാറണ്ടുമായാണ് സംഘമെത്തിയിരിക്കുന്നത്. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകനെത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി. തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്.

മകനോടൊപ്പമാണ് മുരളീ ഈ വീട്ടില്‍ താമസിക്കുന്നത്. റെയ്ഡിന് ശേഷം മുരളിയെ എന്‍.ഐ.എ. ചോദ്യം ചെയ്‌തേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പിന്നീട് സംഘം നീങ്ങിയേക്കുമെന്നാണ് കരുതുന്നത്. 2023-ലാണ് തെലങ്കാനയില്‍ വെച്ച് മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിലാകുന്നത്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലൊക്കെ അധികൃതരുടെ നോട്ടപ്പുള്ളിയായിരുന്നു ഇയാള്‍.

രാജ്യദ്രോഹ കുറ്റം ചുമത്തി മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്തിരുന്നു മുരളി കണ്ണമ്പള്ളിയെ. പിന്നീട് നാലുവര്‍ഷം കഴിഞ്ഞാണ് ജയില്‍ മോചിതനായത്. 2015 മേയ് എട്ടിനാണ് മലയാളിയായ മുരളി കണ്ണമ്പിള്ളിയെ പുണെ എ.ടി.എസ് മാവലിലെ വാടക ഫ്‌ലാറ്റില്‍നിന്ന് പിടികൂടിയത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്നുള്ള ചികിത്സക്കായി അവിടെ താമസിക്കുകയായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട ഒളിവുജീവിതത്തിനുശേഷമാണ് മുരളി പിടിയിലാകുന്നത്. ജാമ്യത്തില്‍ ഇറങ്ങിയാല്‍ ഒളിവില്‍ പോകുമെന്ന എ.ടി.എസ് വാദം അംഗീകരിച്ച് പുണെ കോടതി പലകുറി ജാമ്യം നിഷേധിച്ചിരുന്നു.

ഹൃദയ ശസ്ത്രക്രിയക്കു ശേഷമുള്ള തുടര്‍ ചികിത്സക്ക് അനുവദിക്കാതെ മുരളിയെ ജയിലില്‍ അടച്ചതിന് എതിരെ നോം ചോംസ്‌കി അടക്കമുള്ളവര്‍ പ്രതികരിക്കുകയും ബ്രസീല്‍, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മാവോവാദി പ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രവും അപകടകാരിയുമെന്നാണ് എ.ടി.എസിന്റെ ആരോപണം.

എറണാകുളം, ഇരുമ്പനം കണ്ണമ്പള്ളി കുടുംബാംഗമായ മുരളി ഓസ്‌ട്രേലിയന്‍ ഹൈകമീഷണറായിരുന്ന കരുണാകര മേനോന്റെ മകനാണ്. 70കളില്‍ കോഴിക്കോട് ആര്‍.ഇ.സിയില്‍ പഠിക്കുന്ന കാലത്താണ് സി.പി.െഎ-എം.എല്‍ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന രാജന്‍ സഹപാഠിയായിരുന്നു. 76 ലെ കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണകേസില്‍ മുഖ്യപ്രതിയായിരുന്നു.