തിരുവനന്തപുരം: വക്കം സ്വദേശിനിയെ വിദേശ വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വര്‍ക്കലയില്‍ ടൂറിസം സ്ഥാപനം നടത്തുന്ന ചെമ്മരുതി തച്ചോട് ഗുരുകൃപയിലെ ഷിബുവാണ് പ്രതി.

യുവതിയെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ പാനീയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയും സംഭവം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയെയും സമീപിച്ച ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, യുവതിയും അഭിഭാഷകനും പണം തട്ടാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഷിബുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും കേസ് എടുത്തെങ്കിലും അത് വ്യാജമാണെന്ന് യുവതി വ്യക്തമാക്കി. പ്രതി ഒളിവില്‍ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും അയിരൂര്‍ എസ്.എച്ച്.ഒ അറിയിച്ചു.