- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിസ്റ്റര്‍ പ്രീതി ഒന്നാം പ്രതി, സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയും; മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പ് അടക്കം ചേര്‍ത്ത് ചുമത്തിയത് പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍. സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4 ബിഎന്‍എസ് 143 ഉം ആണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.
അതിനിടെ ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നതിനായി സഭാ നേതൃത്വം നല്‍കിയ കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. ഇവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജ്റങ്ദള്‍ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവര്‍ത്തകര്‍ പരിശോധിച്ചു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. തുടക്കത്തില്‍ മതപരിവര്‍ത്തനമാണ് ആരോപിച്ചിരുന്നതെങ്കില്‍ പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് കുടുംബക്കാര്‍ പറയുന്നു. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരു കന്യാസ്ത്രീമാരും. 20 വര്‍ഷത്തിലധികമായി സിസ്റ്റര്‍ മേരി പ്രീതി ഉത്തരേന്ത്യയില്‍ നഴ്സ് ആയി സേവനമനുഷ്ഠിക്കുകയാണെന്നും കുടുംബം പറഞ്ഞു.
രണ്ടു മാസം മുന്‍പാണ് നാട്ടില്‍ വന്നു പോയത്. സ്ഥിതിഗതികള്‍ മോശമാണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടെന്നും സിസ്റ്റര്‍ പ്രീതി പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. മൂന്നു പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയായവരും, മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കായി പോന്നവരുമാണ്. പെണ്‍കുട്ടികളുടെ കുടുംബവും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. എല്ലാ രേഖകളും പൊലീസിനെ കാണിച്ചിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് ബെന്നി ബെഹ്നാനും ഹൈബി ഈഡനും ലോക്സഭയില്‍ നോട്ടിസ് നല്‍കിയിരുന്നു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ ശക്തമായി രംഗത്തുവന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്.