കാസര്‍കോട്: കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് കോമയില്‍ ചികിത്സയിലായിരുന്ന മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു. പാണത്തൂര്‍ സ്വദേശി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അല്പസമയം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. 2024 ഡിസംബര്‍ 7നാണ് കോളജ് ഹോസ്റ്റലില്‍ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കെയാണ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആദ്യം കോളജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. പിന്നീട് ഈ വര്‍ഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. വാര്‍ഡന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികള്‍ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ഈ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഭരണ പ്രതിപക്ഷ യുവജന വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തെ പൊലീസ് നേരിട്ട രീതിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഡിസംബര്‍ ഏഴിനാണ് ചൈതന്യ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം സഹപാഠികള്‍ കണ്ടതോടെ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള തര്‍ക്കമാണ് ചൈതന്യയുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് നേരത്തേ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ചൈതന്യയെ മാനസികമായി വാര്‍ഡന്‍ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വാര്‍ഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മന്‍സൂര്‍ ആശുപത്രിക്ക് മുന്‍പില്‍ വിദ്യാര്‍ഥികളുടെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ വീഴ്ച ഉണ്ടായത് ചോദ്യം ചെയ്തതാണ് വിദ്യാര്‍ഥികളും വാര്‍ഡനും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമായത് എന്നാണ് വിവരം.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയ്ക്ക് ആദ്യഘട്ടത്തില്‍ ചികിത്സ നല്‍കിയിരുന്നത് മംഗലാപുരത്തായിരുന്നു. പിന്നീട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രണ്ടാഴ്ചയോളം ചൈതന്യ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില ചില ഘട്ടങ്ങളില്‍ മെച്ചപ്പെട്ടൂവെങ്കില്‍ കൂടിയും പിന്നീട് വളരെ മോശമായി തുടരുകയായിരുന്നു.

പെണ്‍കുട്ടി വയ്യാതെ ഇരിക്കുമ്പോള്‍ ഭക്ഷണമുള്‍പ്പെടെ കൊടുക്കാന്‍ വാര്‍ഡന്‍ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടര്‍ന്നു. ഇത് താങ്ങാന്‍ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. ചൈതന്യ വയ്യാതെ ആശുപത്രിയില്‍ പോയി വന്നശേഷം വാര്‍ഡന്‍ വഴക്കു പറയുകയും ബിപി ഉള്‍പ്പെടെ കുറയുന്ന അസുഖമുള്ള ചൈതന്യയെ വാര്‍ഡന്‍ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

അതേസമയം, വിദ്യാര്‍ഥിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മന്‍സൂര്‍ ആശുപത്രിയ്ക്ക് മുന്നില്‍ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വാര്‍ഡനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ നീക്കം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പാണത്തൂരിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.