കോട്ടയം: ഈ വീട്ടമ്മയ്ക്ക് കൈയ്യടിക്കാം. കോളജ് വിദ്യാര്‍ഥിനിയായ മകളെയും ആണ്‍സുഹൃത്തുക്കളെയും ഒരു കിലോഗ്രാം ലഹരിമരുന്നുമായി പിടികൂടിയെന്നും രക്ഷിക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഫോണ്‍ കോള്‍ എത്തി. എന്നാല്‍ ആ അമ്മ പതറയില്ല. അതുകൊണ്ട് തന്നെ ത്ട്ടിപ്പിന് ഇരയായതുമില്ല. ഫോണിലെത്തുന്ന സന്ദേശങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാം. അതിന് തെളിവാണ് വീട്ടമ്മയുടെ അവസരോചിതമായ ഇടപെടല്‍.

വീട്ടമ്മയെ സിബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തിയ യുവാവാണ് ഫോണ്‍ വിളിച്ചത്. ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ഇന്നലെ വാട്‌സാപ് കോളിലൂടെ ഭീഷണി എത്തിയത്. ചങ്ങനാശേരിയിലെ ഒരു കോളജിലെ വിദ്യാര്‍ഥിനിയാണ് മകള്‍. ഭര്‍ത്താവിന്റെ പേരു ചോദിച്ചാണ് ഫോണ്‍ കോള്‍ എത്തിയത്. തുടര്‍ന്നു വിദ്യാര്‍ഥിനിയുടെ പേരു പറഞ്ഞ ശേഷം 'കുട്ടിയുടെ അമ്മയല്ലേ' എന്നായി ചോദ്യം. മകള്‍ തന്നെയാണ് നമ്പര്‍ തന്നതെന്നും മകളും 3 സുഹൃത്തുക്കളും ലഹരിമരുന്നുമായി തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നുമായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്.

നിങ്ങളുടെ മകള്‍ തെറ്റുകാരിയല്ലെന്നും പക്ഷേ, അവളെ രക്ഷിക്കണമെങ്കില്‍ പണം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. പണം നല്‍കാന്‍ തയാറല്ലെങ്കില്‍ ഡല്‍ഹിയിലേക്കു കൊണ്ടുപോകുകയാണെന്നും യുവാവ് ഭീഷണിപ്പെടുത്തി. ഇതോടെ അമ്മയ്ക്ക് സംശയമായി. ആദ്യം പകച്ചു പോയ അവര്‍ അതിവേഗം ആത്മ നിയന്ത്രണം തിരിച്ചു പിടിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ഫോണിലൂടെ പണം ആവശ്യപ്പെടില്ലല്ലോ എന്ന ചിന്ത നിര്‍ണ്ണായകമായി.

താന്‍ തിരികെ വിളിക്കാമെന്നു വീട്ടമ്മ പറഞ്ഞെങ്കിലും ഫോണ്‍ കട്ട് ചെയ്യരുതെന്നും കട്ട് ആക്കിയാല്‍ ദുഃഖിക്കേണ്ടി വരുമെന്നുമായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. എന്തും വരട്ടെയെന്നു വിചാരിച്ച് വീട്ടമ്മ ഫോണ്‍ കട്ട് ചെയ്തു. ഉടന്‍ തന്നെ കോളജിലേക്ക് വിളിക്കുകയുമായിരുന്നു. മകള്‍ കോളജിലുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ വിളിച്ചത് വ്യാജനെന്നും വ്യക്തമായി. പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും മനസ്സിലായത്.

വിവരം പൊലീസില്‍ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. അപ്പോഴും വ്യാജ സിബിഐ ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ വരുന്നുണ്ടായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമായിരുന്നു വിളിച്ച ആളുടെ വാട്‌സാപ് പ്രൊഫൈലില്‍ ഉണ്ടായിരുന്നതെന്ന് വീട്ടമ്മ പറഞ്ഞു. ഇതും പോലീസിന് കൈമാറി. പല പ്രമുഖരും വ്യാജന്മാരുടെ തട്ടിപ്പിന് ഇരയാകുന്നു. അപ്പോഴാണ് ഈ വീട്ടമ്മയുടെ പ്രായോഗിക ബുദ്ധി അവരെ രക്ഷിക്കുന്നത്.

യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം ഏറെ ചര്‍ച്ചയായിരുന്നു. മുംബൈയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അകപ്പെട്ടെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമെന്ന വ്യാജേന ബാങ്ക് അക്കൗണ്ടിലെ തുക സുപ്രീം കോടതിക്കു കീഴിലുള്ള അക്കൗണ്ടിലേക്കു മാറ്റണമെന്നും കേസ് നടപടികള്‍ അവസാനിക്കുമ്പോള്‍ തിരികെ നല്‍കുമെന്നും പറഞ്ഞാണു തെറ്റിദ്ധരിപ്പിച്ചതെന്നാണ് മാര്‍ കൂറിലോസ് പറയുന്നു.

അങ്ങനെ വമ്പന്മാര്‍ തട്ടിപ്പിന് ഇരയാകുന്ന കാലത്താണ് ഫോണ്‍ കോളുകള്‍ എത്തിയാല്‍ എങ്ങനെ തട്ടിപ്പുകാരെ തിരിച്ചറിയാമെന്ന സന്ദേശം നല്‍കുന്നത്. അല്‍പ്പം പ്രായോഗിക ബുദ്ധിയുണ്ടെങ്കില്‍ തട്ടിപ്പുകാരില്‍ നിന്നും ആര്‍ക്കും രക്ഷ നേടാമെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.