കാസർകോട്: സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് സംഘം നടത്തിയ 'ഡിജിറ്റൽ അറസ്റ്റി'ൽ കാഞ്ഞങ്ങാട്ടെ വയോധിക ദമ്പതിമാർക്ക് നഷ്ടമായത് 2.40 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നടത്തുകയാണെന്ന് വിശ്വസിപ്പിച്ചാണ് സംഘം അതിവിദഗ്ധമായി പണം തട്ടിയെടുത്തത്. സംഭവത്തിൽ ദമ്പതിമാരുടെ പരാതിയിൽ കാസർകോട് സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാഞ്ഞങ്ങാട് ലക്ഷ്മിനഗർ സ്വദേശികളായ ദമ്പതിമാരാണ് തട്ടിപ്പിനിരയായത്. മുംബൈയിൽ നിന്നുള്ള സിബിഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി അസുഖബാധിതയായ ഭാര്യയുടെ ഫോണിലേക്ക് വാട്സാപ്പ് കോൾ വഴിയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. ദമ്പതിമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി 20 ലക്ഷം രൂപ എത്തിയെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്താനാണ് വിളിക്കുന്നതെന്നും അറിയിച്ചു. വിശ്വാസ്യത ഉറപ്പിക്കുന്നതിനായി ഇവരുടെ ആധാർ കാർഡിന്റെ പകർപ്പും കാണിച്ചു.

മുതിർന്ന പൗരന്മാരായതിനാൽ നേരിട്ട് ഹാജരാകേണ്ടെന്നും അന്വേഷണവുമായി ഓൺലൈനായി സഹകരിച്ചാൽ മതിയെന്നും തട്ടിപ്പുകാർ നിർദേശിച്ചു. കേസിന്റെ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി, അന്വേഷണം പൂർത്തിയാകുന്നതുവരെ 'വെർച്വൽ അറസ്റ്റിലാണെന്നും' അതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയോ മറ്റാരോടെങ്കിലും വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും കർശനമായി താക്കീത് നൽകി.

തുടർന്ന്, അക്കൗണ്ട് പരിശോധനയ്‌ക്കെന്ന വ്യാജേന ബാങ്കിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടിലുള്ള തുക ആർടിജിഎസ് വഴി തങ്ങൾ നിർദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച ദമ്പതിമാർ പല ഘട്ടങ്ങളിലായി 2.40 കോടി രൂപ അയച്ചുകൊടുക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ വെള്ളിയാഴ്ച സൈബർ പോലീസിൽ പരാതി നൽകി. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.