മലപ്പുറം: 52 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയില. പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്നും മലപ്പുറം പോലീസ് പിടികൂടി. പെദെ റെഡ്ഡി ഗംഗരാജുവിനെയാണ് അറസ്റ്റ്‌ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനായ പരാതിക്കാരനെ ആമസോണ്‍ പ്രമോഷന്‍ വകുപ്പില്‍നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്.

ഒരു ജോലിസാധ്യതയുണ്ടെന്നും മാസത്തില്‍ നല്ലൊരു തുകയുണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. വാട്സാപ്പിലൂടെ ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക് അയച്ചുകൊടുത്ത് ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തു. ഓണ്‍ലെന്‍ റിവ്യൂ പോലെയുള്ള 25 ടാസ്‌ക്കുകള്‍ ദിവസവും ചെയ്യണമെന്നു പറഞ്ഞു പ്രേരിപ്പിച്ചു. പരാതിക്കാരനില്‍നിന്ന് വ്യത്യസ്ത സമയങ്ങളില്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കുകയും അതിന്റെ ലാഭവിഹിതം കാണിക്കുന്ന ഒരു വെബ്സൈറ്റിന്റെ ലിങ്ക് കൊടുക്കുകയുംചെയ്തു.

വെബ്‌സൈറ്റില്‍ വലിയ ലാഭവിഹിതം കാണിച്ചിരുന്നു. പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോള്‍ അതിന് കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് ഇത് തട്ടിപ്പാണെന്നു മനസ്സിലായത്. അങ്ങനെ സൈബര്‍ ക്രൈംപോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ചെയ്തു. അന്വേഷണത്തില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മുംബൈയിലെ ഒരു ബാങ്ക് അക്കൗണ്ട് ഉടമയുടെ വിലാസം വ്യാജമാണെന്ന് മനസ്സിലായി.

ഏറ്റവും കൂടുതല്‍ പണം അയച്ച ബാങ്ക് അക്കൗണ്ട് ഉടമയുടെ വിലാസം ആന്ധ്രാപ്രദേശ് പോലീസിന്റെ സഹായത്തോടെ അന്വേഷിച്ചപ്പോള്‍ ആ വിലാസത്തില്‍ അങ്ങനെയൊരാള്‍ താമസിക്കുന്നില്ല എന്നറിഞ്ഞു. പിന്നീട് സാമൂഹികമാധ്യമ അക്കൗണ്ട് നിരീക്ഷിച്ചാണ് പോലീസ് പെദെ റെഡ്ഡി ഗംഗരാജുവിലേക്ക് എത്തുന്നത്.

സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ. അബ്ദുള്‍ലത്തീഫ്, എ.എസ്.ഐ.മാരായ റിയാസ് ബാബു, അനീഷ്‌കുമാര്‍, സി.പി.ഒ. അരുണ്‍ എന്നിവര്‍ ആന്ധ്രയിലെത്തി മന്തപേട്ട എന്ന സ്ഥലത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.