- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ നാലുഭീകരരും ഉപയോഗിച്ചത് കോഡ് പേരുകള്‍; കള്ളപ്പേരില്‍ വന്ന മൂന്നുപേര്‍ നേരത്തെ പൂഞ്ചില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തവര്‍; ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്നും ഭീകരര്‍ ക്യാമറയുമായാണ് വന്നതെന്നും സുരക്ഷാ ഏജന്‍സികള്‍; എല്ലാ ഭീകരരും ടി ആര് എഫ് അംഗങ്ങള്‍
ഭീകരര്‍ ഉപയോഗിച്ചത് പ്രത്യേക കോഡ് പേരുകള്‍
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരേ കരുണയില്ലാതെ തൊട്ടടുത്ത് നിന്ന് നിറയൊഴിച്ച ഭീകരര്‍ ഉപയോഗിച്ചത് പ്രത്യേക കോഡ് പേരുകള്‍. ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് കരുതുന്ന മൂന്നുഭീകരരുടെ കോഡ് പേരുകളാണ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടത്. മൂസ, യൂനുസ്, ആസിഫ് എന്നീ പേരുകളാണ് ഇവര്‍ ഉപയോഗിച്ചത്. മൂവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ആസിഫ് ഷെയ്ഖ്, സുലൈമാന്‍ ഷാ, അബു താല്‍ഹ എന്നീ മൂന്നുപേരും ലഷ്‌കറി തോയിബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ( T R F) അംഗങ്ങളാണ്.
മൂവര്‍ സംഘം നേരത്തെ പൂഞ്ചില്‍ സജീവമായിരുന്നുവെന്നും മേഖലയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. തീവ്രവാദികള്‍ കള്ളപ്പേരുകള്‍ ഉപയോഗിക്കുന്നത് പുതിയ കാര്യമല്ല. ആശയക്കുഴപ്പം സൃഷ്ടിക്കാനും, ആളെ തിരിച്ചറിയാതിരിക്കാനുമൊക്കെ ലക്ഷ്യമിട്ടാണ് സാധാരണ കള്ളപ്പേരുകള്‍ ഉപയോഗിക്കുന്നത്.
സംശയിക്കുന്ന മൂന്നുപേരുകളുടെ രേഖാചിത്രങ്ങളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഇതില്‍ ആസിഫ് ഷെയ്ഖ് മുന്‍ പാക്ക് സൈനികനാണ്. പിന്നീട് ആക്രമണത്തില്‍ പങ്കെടുത്ത നാലുഭീകരര്‍ ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. അതിനിടെ, ആക്രമണം നടത്തിയ ടിആര്‍എഫ് വീണ്ടും പ്രകോപനപരമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. കൂടാതെ രണ്ട് സൈനികരെ വധിച്ചെന്നും ടിആര്‍എഫ് അവകാശപ്പെട്ടു.
ഭീകരര്‍ വന്നത് ക്യാമറയുമായി
പഹല്‍ഗാമില്‍ ഉല്ലാസത്തില്‍ ഏര്‍പ്പെട്ടിരുന്ന വിനോദ സഞ്ചാരികളെ തിരഞ്ഞെുപിടിച്ച് നടത്തിയ ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ ക്യാമറയുമായാണ് വന്നതെന്നും സ്റ്റീല്‍ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സ്ഥിരീകരിച്ചു. ഭീകരര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് ഏജന്‍സികള്‍ വ്യക്തമാക്കി.
ലഷ്‌കര്‍ ഡപ്യൂട്ടി കമാന്‍ഡറായ 'കസൂരി' എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിക്രം മിസ്രി എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ശ്രീനഗറിലും ഉന്നതതല യോഗം ചേര്‍ന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുരാവിലെയാണ് ന്യൂഡല്‍ഹിയില്‍ തിരികെയെത്തിയത്
പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് അനൗദ്യോഗിക വിവരം.