കൊല്ലം: ലഹരിക്കടത്തല്‍ പുതിയ രീതികളിലേക്ക് മാറുകയാണ്. ഇപ്പോള്‍ സാധാരണ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമായ വേദനസംഹാരി ഗുളികകള്‍ തന്നെ ലഹരിക്കായി ഉപയോഗിക്കാന്‍ ആരംഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഗുളികകളില്‍ ഉള്ള തദ്ദേശവാതക ഗുണങ്ങള്‍, അതിന്റെ അമിത ഉപയോഗം ലഹരിയുടെ ആസ്വാദനം നല്‍കുന്നു എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. കൊറിയര്‍ വഴിയാണ് കേരളത്തിലേക്ക് വേദസംഹാര ഗുളികകള്‍ എത്തുന്നത്. മുംബൈയില്‍ നിന്നുമാണ് പ്രധാനമായും എത്തുന്നത്.

ഏകദേശം 14നും 25നും ഇടയില്‍ പ്രായമുള്ള ആളുകളാണ് വേദസംഹാരി ഗുളികകള്‍ ലഹരി വസ്തുവായി ഉപയോഗിക്കുന്നത്. കാന്‍സര്‍, ന്യൂറോ രോഗികള്‍ക്ക് അമിതവേദനയ്ക്ക് നല്‍കാറുള്ള ബഹുരാഷ്ട്ര കമ്പനിയുടെ മരുന്ന് വെള്ളത്തിലോ ഡ്രിപ്പ് ലായനിയിലോ ലയിപ്പിച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. ആദ്യം പ്രധാന നഗരങ്ങളിലായിരുന്നു ഇത്തരം മരുന്നുകളുടെ കൊറിയര്‍ സര്‍വീസ് നടത്തിയിരുന്നത്. ഇവരെ പിടിച്ചതോടെ പിന്നീട് ചെറു പട്ടണങ്ങളിലേക്കായി.

ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഇത്തരം കൂറിയര്‍ സര്‍വീസുകള്‍ നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ സിറിഞ്ച് വിറ്റഴിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്. 340 രൂപ വിലയുള്ള 10 ഗുളികകള്‍ 2,000 മുതല്‍ 2,500 രൂപയ്ക്കാണ് വില്‍ക്കുന്നത്. കേരളത്തിലേക്ക് വന്‍തോതില്‍ മരുന്ന് നല്‍കിയ, മുംബൈ ചെമ്പൂരിലുള്ള മരുന്ന് മൊത്തവ്യാപാര സ്ഥാപനം മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഒരു വര്‍ഷം മുന്‍പ് പൂട്ടിയിരുന്നു. ഇതോടെ തന്ത്രം മാറ്റിയ മരുന്ന് മാഫിയ, ഒട്ടേറെ മൊത്തവ്യാപാരികളില്‍നിന്ന് ഇടവിട്ട് മരുന്നുവാങ്ങാന്‍ തുടങ്ങി.

കേരളത്തിലെ മരുന്നുകടകളുടെ ജി.എസ്.ടി. നമ്പര്‍ ഉപയോഗിച്ചാണ് മരുന്ന് എത്തിക്കുന്നതെന്ന് സംശയിക്കുന്നു. ഈ മരുന്ന് ഉപയോഗിച്ച ചില യുവാക്കള്‍ മരിച്ചിരുന്നു. ഇവര്‍ക്കെല്ലാം ഹെപ്പറ്റൈറ്റിസ്-ബി സ്ഥിരീകരിച്ചതില്‍നിന്ന് ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്‌പെടുക്കുന്നതാണ് മരണകാരണമെന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച കേസുകളില്‍ അന്വേഷണം തുടങ്ങുമ്പോഴേ നിലയ്ക്കുകയാണ് പതിവ്. ഈ വേദനസംഹാരിയെ നിയന്ത്രിത മരുന്നുകളുടെ പട്ടികയില്‍പ്പെടുത്താന്‍, നേരത്തേ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. നര്‍ക്കോട്ടിക് വിഭാഗത്തില്‍പ്പെടുന്ന മരുന്ന് അല്ലാത്തതിനാല്‍ ഇതു നടന്നില്ല.

നിയന്ത്രിത മരുന്നോ, മയക്കുമരുന്നോ അല്ലാത്തതിനാല്‍ ചെറിയ അളവില്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരേ ഒന്നും ചെയ്യാനാകില്ല. ബില്‍ ഇല്ലാതെ മരുന്ന് സൂക്ഷിച്ചു, അനധികൃതമായി കൈവശംെവച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മാത്രമേ കേസെടുക്കാനാകൂ. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് മരുന്നുകടത്ത് സംഘങ്ങള്‍ വില്‍പ്പന വ്യാപകമാക്കുന്നത്.