ഝാന്‍സി: യുവതിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഭര്‍തൃവീട്ടുകാരുടെ ശ്രമം പൊളിച്ചത് നാലുവയസുകാരിയായ മകള്‍ വരച്ച ചിത്രം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ കോട്വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാര്‍ കോളനിയില്‍ തിങ്കളാഴ്ചയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വര്‍ഷങ്ങളോളം തുടര്‍ന്ന പീഡനത്തിനുശേഷം ഭര്‍ത്താവ് സന്ദീപ് ബുധോലിയ തന്നെയാണ് സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന സംശയമുയര്‍ത്തിയത് മകളുടെ മൊഴിയും വരച്ച ചിത്രവുമാണ്. സോണാലി ആത്മഹത്യ ചെയ്തതായാണ് ഭര്‍തൃവീട്ടുകാര്‍ അവരുടെ കുടുംബത്തോട് പറഞ്ഞത്. എന്നാല്‍ മകള്‍ ദര്‍ശിത വരച്ച ഒരു ചിത്രവും മൊഴിയും സൂചിപ്പിക്കുന്നത് ഭര്‍ത്താവാണ് അവരെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കിയെന്നുമാണ്.

മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് സന്ദീപ് ബുധോലിയ. 'അച്ഛന്‍ അമ്മയെ കൊന്നു, മൃതദേഹം കെട്ടിത്തൂക്കി'യെന്ന വിധത്തിലാണ് നാലു വയസുകാരി വരച്ച ചിത്രം. 'അച്ഛന്‍ അമ്മയെ ആക്രമിച്ച് കൊന്നതാണ്. തലയില്‍ ഒരു കല്ലുകൊണ്ട് അടിച്ചശേഷം ശരീരം കെട്ടിത്തൂക്കി. പിന്നീട്, മൃതദേഹം താഴെയിറക്കി ഒരു ചാക്കിലാക്കി ഉപേക്ഷിച്ചു. ആക്രമണത്തിന്റെ ചിത്രം വരച്ച് കാണിച്ചുകൊണ്ട് മകള്‍ ദര്‍ശിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അച്ഛന്‍ തന്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തിയിരുന്നു. 'എന്റെ അമ്മയെ തൊട്ടാല്‍ നിങ്ങളുടെ കൈ ഒടിക്കുമെന്ന് ഞാന്‍ ഒരിക്കല്‍ അച്ഛനോട് പറഞ്ഞിരുന്നു. അവര്‍ മരിക്കണമെന്നും അമ്മയുടെ അതേ വിധി എനിക്കും നേരിടേണ്ടിവരുമെന്നും പറഞ്ഞ് അയാള്‍ അടിക്കാറുണ്ടായിരുന്നു,' കുട്ടി പറഞ്ഞു. മകളും സന്ദീപും 2019 ല്‍ വിവാഹിതരായെന്നും അതിനുശേഷം ഉവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് മധ്യപ്രദേശിലെ ടിക്കംഗഢ് ജില്ലയില്‍ താമസിക്കുന്ന സോണാലിയുടെ പിതാവ് സഞ്ജീവ് ത്രിപാഠി പറഞ്ഞത്.

'വിവാഹദിവസം ഞാന്‍ അവര്‍ക്ക് സ്ത്രീധനമായി 20 ലക്ഷം രൂപ നല്‍കി, പക്ഷേ ദിവസങ്ങള്‍ക്ക് ശേഷം, സന്ദീപും കുടുംബവും പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. അവര്‍ക്ക് ഒരു കാര്‍ വേണമെന്നുപറഞ്ഞു. പക്ഷേ കാര്‍ വാങ്ങുകയെന്നത് എനിക്ക് കഴിയുന്നതിലും അപ്പുറമാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. തുടര്‍ന്ന് അയാളും കുടുംബവും എന്റെ മകളെ ആക്രമിക്കാന്‍ തുടങ്ങി. ഒരിക്കല്‍ ഞാന്‍ ഇതിനെതിരെ പൊലീസിനെ സമീപിച്ചു.

ഞങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയാണ് പിരിഞ്ഞത്,' അയാള്‍ പറഞ്ഞു. എന്നാല്‍ സൊണാലി ഒരു പെണ്‍കുട്ടിയെ പ്രസവിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായെന്നും പിതാവ് ആരോപിക്കുന്നു. 'സന്ദീപിന് ഒരു ആണ്‍കുട്ടിയെ വേണമായിരുന്നു. പ്രസവശേഷം, അദ്ദേഹവും കുടുംബവും എന്റെ മകളെ ആശുപത്രിയില്‍ തനിച്ചാക്കി. ഞാന്‍ അവളെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മാസത്തിനുശേഷമാണ് സന്ദീപ് സോണാലിയെയും ദര്‍ശിതയെയും കൊണ്ടുപോകാന്‍ വന്നത്,' അദ്ദേഹം പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കോട്വാലി സിറ്റി പൊലീസ് ഓഫീസര്‍ രാംവീര്‍ സിംഗ് പറഞ്ഞു.'ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ സ്ത്രീ മരിച്ചതായി ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അവര്‍ കൊല്ലപ്പെട്ടതാണെന്നാണ് അവരുടെ മാതാപിതാക്കളുടെ ആരോപണം. ഞങ്ങള്‍ കേസ് അന്വേഷിച്ചുവരികയാണ്,' പൊലീസ് പറഞ്ഞു.