കൊല്ലം: റിട്ട. ബി.എസ്.എന്‍.എല്‍. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.പാപ്പച്ചനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പാപ്പച്ചനില്‍നിന്ന് സരിതയും അനൂപും ചേര്‍ന്നു തട്ടിയെടുത്ത പണം എത്രയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ആയിട്ടില്ലെന്ന് പോലീസ് കോടതിയില്‍. ഇവര്‍ ധനകാര്യസ്ഥാപനത്തിലും പുറത്തുമായി ഒട്ടേറെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

പാപ്പച്ചന്‍ അറിയാതെ സ്ഥിരനിക്ഷേപത്തില്‍നിന്ന് 25,08,728 രൂപ സരിതയും അനൂപും ചേര്‍ന്ന് വായ്പയെടുത്തു. വിവരമറിഞ്ഞ പാപ്പച്ചന്‍ സരിതയോട് ഇക്കാര്യം ചോദിച്ചു. പണം തിരികെ നല്‍കേണ്ടിവരുമെന്നും മറ്റു ജീവനക്കാര്‍ അറിഞ്ഞാല്‍ ജോലി നഷ്ടപ്പെടുമെന്നും മനസ്സിലാക്കിയ ഇരുവരും ചേര്‍ന്ന് പാപ്പച്ചനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രതികളുടെ കസ്റ്റഡി നീട്ടാന്‍ പോലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് ഒന്നുമുതല്‍ നാലുവരെ പ്രതികളുടെ പോലീസ് കസ്റ്റഡി നാലുദിവസത്തേക്കുകൂടി നീട്ടി.

കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസ് മുന്‍പാകെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രതികളെ ഹാജരാക്കിയത്. കേസിന്റെ അനുബന്ധരേഖകള്‍ കണ്ടെത്തുന്നതിനായി നാലുദിവസംകൂടി പോലീസ് കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. അനിമോന്‍ (44), മാഹിന്‍ (45), സരിത (46), കെ.പി.അനൂപ് (37) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതായി പോലീസ് പറയുന്നു.

പ്രതികള്‍ കൃത്യം നടത്താന്‍ ഒന്നിലേറെ തവണ കൂടിക്കാഴ്ച നടത്തിയതിനും ഗൂഢാലോചനയ്ക്കും ഡിജിറ്റല്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതികളുമായി കൃത്യത്തിന്റെ പുനരാവിഷ്‌കരണം നടത്തിയപ്പോള്‍, പോലീസിനു നേരത്തേ ലഭിച്ച തെളിവുകള്‍ക്ക് സ്ഥിരീകരണമായി. ഉടന്‍ കേസില്‍ കുറ്റപത്രവും നല്‍കും. 50 മീറ്റര്‍ അകലത്തില്‍ വണ്ടിയോടിച്ച അനിമോന്‍ പാപ്പച്ചനെ ഇടിച്ചിട്ടത് 50 കിലോമീറ്റര്‍വരെ വേഗത്തിലാകാമെന്നാണ് നിഗമനം.

അന്വേഷണത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ഉപയോഗിച്ചുള്ള ദൃശ്യാവിഷ്‌കരണം വേണമെന്ന് പോലീസിന്റെ ഉന്നതതലത്തില്‍ ആലോചനയുണ്ട്. അതിനിടെ പാപ്പച്ചനെ സമ്പാദ്യം തട്ടിയെടുക്കാനായി കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ സത്യം തെളിയണമെന്ന് സരിത പ്രതികരിച്ചു. മൂന്നാംപ്രതിയായ സരിതയുടെ റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സത്യം തെളിയട്ടെയെന്നു പറഞ്ഞത്.

പോലീസുകാര്‍ നന്നായാണ് പെരുമാറുന്നത്. അവരെപ്പറ്റി പരാതിയൊന്നുമില്ല. താന്‍ മാനേജരായിരുന്ന ധനകാര്യസ്ഥാപനത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പാപ്പച്ചന് നിക്ഷേപമുണ്ടായിരുന്നു. കാലാവധി പൂര്‍ത്തിയപ്പോള്‍ പണം പിന്‍വലിച്ചുപോയിരുന്നു-സരിത പറഞ്ഞു.