കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും കൂട്ടാളികളും പാപ്പച്ചന്‍ ഒറ്റയ്ക്കാണ് താമസമെന്ന് മനസ്സിലാക്കിയത് നിക്ഷേപം കാന്‍വാസ് ചെയ്യാന്‍ എത്തിയപ്പോഴാണെന്ന് പൊലീസ്. താമസം ഒറ്റയ്ക്കാണെന്ന് മനസ്സിലായപ്പോഴാണ് മാനേജര്‍ സരിതയ്ക്ക്ും ജീവനക്കാരന്‍ അനൂപിനും കുടില ബുദ്ധി ഉദിച്ചത്.

ഇവരുടെ സ്ഥാപനത്തില്‍ പാപ്പച്ചന്‍ ആദ്യം 36 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. പിന്നീട് രണ്ടുതവണയായി 20 ലക്ഷം വീതം ഇട്ടു. ഇദ്ദേഹത്തിന്റെ പക്കല്‍ പണമുണ്ടെന്നു മനസ്സിലാക്കി കൂടുതല്‍ നിക്ഷേപം കാന്‍വാസ് ചെയ്യാനായി സരിതയും അനൂപും പാപ്പച്ചന്റെ വീട്ടിലെത്തി. അപ്പോഴാണ് തനിച്ചാണ് താമസമെന്നു മനസ്സിലായത്. മകന്‍ കുവൈറ്റിലും മകള്‍ യു.പി.യിലുമാണ്. ഭാര്യയും ഒപ്പമില്ല. ഇതോടെയാണ് പാപ്പച്ചനെ കബളിപ്പിച്ച് പണം തട്ടാന്‍ പ്രതികള്‍ പദ്ധതിയിട്ടത്.

2024 ഫെബ്രുവരിയിലാണ് പാപ്പച്ചന്‍ സ്ഥാപനത്തില്‍ 36 ലക്ഷം നിക്ഷേപിക്കുന്നത്. ഒരുവര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായിരുന്നു. സരിതയുടെ ശുപാര്‍ശയിലായിരുന്നു തുക സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് നഗരത്തിലെ മറ്റു പല ബാങ്കുകളിലുമുള്ള പാപ്പച്ചന്റെ നിക്ഷേപം ഇവിടേക്ക് കൊണ്ടുവരാന്‍ സരിത പ്രേരിപ്പിച്ചു. ഇതുകൂടി വന്നപ്പോള്‍ നിക്ഷേപം 92 ലക്ഷമായി ഉയര്‍ന്നു. ഈ സ്ഥിരനിക്ഷേപത്തിന്മേല്‍ വായ്പയെടുത്തുതുടങ്ങി.

പാപ്പച്ചന്റെ അക്കൗണ്ടിലായിരുന്നു വായ്പയെല്ലാം. ആദ്യം അഞ്ചുലക്ഷമെടുത്തു. അത് അടച്ചുതീര്‍ത്തശേഷം 11 ലക്ഷവും പിന്നീട് 25 ലക്ഷവും വായ്പയെടുത്തു. 25 ലക്ഷമായി വായ്പ ഉയര്‍ന്നപ്പോള്‍ അത് അക്കൗണ്ടില്‍ 1.17 കോടിയാകാതെ വന്നതിനാല്‍ താന്‍ ചതിക്കപ്പെട്ടെന്നു മനസ്സി ലാക്കി. ഇതോടെയാണ് സംശയം ഉന്നയിച്ചത്. എന്നാല്‍ പണം പോയിട്ടില്ലെന്നും പരിശോധിച്ചുപറയാമെന്നും ഉറപ്പു നല്‍കി വിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

എങ്ങനെയും പണമുണ്ടാക്കണമെന്ന് മാത്രമായിരുന്നു സരിതയുടെ മനസ്സില്‍. മേയ് 23-നു പിറ്റേന്ന് ഓഫീസില്‍ എത്തിയ സരിത ഭാവവ്യത്യാസം ഒന്നും കാട്ടിയില്ലെങ്കിലും ചില സമയത്ത് വിഷമിച്ചിരുന്നു. പാപ്പച്ചന്റെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചതായി ജീവനക്കാരോട് പറയുകയും ചെയ്തു. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു സരിതയ്ക്ക്. പാപ്പച്ചന്റെ ഭാര്യയും മകളും പരാതിയുന്നയിച്ചതോടെ സ്ഥാപനത്തിന്റെ ആസ്ഥാനത്തു നിന്ന് ജൂണ്‍ രണ്ടാംവാരം ഓഡിറ്റിങ്ങിന് ആളെ അയച്ചു. ഓഡിറ്റിങ്ങില്‍ 25 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും അത് സരിത തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു.

സൈക്കിള്‍ യാത്രക്കാരനായ പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതാണ് നിര്‍ണ്ണായകമായത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മെയ് 26-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീല വാഗണ്‍ ആര്‍ കാര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിടുന്നതും തുടര്‍ന്ന് വയോധികന്റെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം കാര്‍ അമിതവേഗത്തില്‍ പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26-ന് നടന്ന വാഹനാപകടമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.

കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന റിട്ട. ബി.എസ്.എന്‍.എല്‍. എന്‍ജിനീയര്‍ പാപ്പച്ചനെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും കൂട്ടാളികളും ചേര്‍ന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ കൊല്ലത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വനിതാ മാനേജരെയും കൂട്ടാളികളെയും പോലീസ് പിടികൂടിയിരുന്നു. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ മാനേജരും തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയുമായ സരിത (45), സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ്(37), പോളയത്തോട് സ്വദേശി അനിമോന്‍(44), കടപ്പാക്കട സ്വദേശി മാഹീന്‍(47), പോളയത്തോട് ഹാഷിഫ് അലി(27) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു ലക്ഷം രൂപയ്ക്കാണ് സരിത ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ കൊലയ്ക്ക് ശേഷം കൊലപാതക വിവരം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി അനിമോന്‍, മാഹിന്‍, ഹാഷിഫ് എന്നിവര്‍ കൂടുതല്‍ തുക സരിതയില്‍ നിന്നു വാങ്ങിയിട്ടുണ്ട്. മൂവര്‍ക്കുമായി ഏകദേശം 19 ലക്ഷം കൈമാറിയെന്നാണ് വിവരം. ഹാഷിഫ് തന്നെ മൂന്നു ലക്ഷം കൈപ്പറ്റി. അങ്ങനെ 2 ലക്ഷത്തിന്റെ ക്വട്ടേഷന്‍ 19 ലക്ഷത്തിലെത്തി. കേസിന്റെ ചുരുള്‍ അഴിഞ്ഞില്ലെങ്കില്‍ സരിതയെ ഭീഷണിപ്പെടുത്തി കൂടുതല്‍ തുക മൂവരും കൈപ്പറ്റാന്‍ സാധ്യതയുണ്ടായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു.