- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഭർത്താവിനെ കൊന്നാൽ സൈനികനുമായി സുഖ ദാമ്പത്യം ഉണ്ടാകുമെന്ന ജ്യോതിഷ ഐഡിയ മകൾക്ക് കിട്ടിയത് അമ്മയിൽ നിന്നോ? 'ഓട്ടോ മാമനും' ജ്യൂസ് നൽകിയെന്ന മൊഴിക്കൊപ്പം ഡ്രൈവറാരെന്ന് പറയാനാകാത്തത് കുരുക്കായി; പാറശ്ശാല പൊലീസിന് ഈ കേസ് തീരാ കളങ്കം; റൂറൽ എസ് പി ശിൽപയുടെ കരുതൽ സത്യം തെളിയിച്ചു; ഇലന്തൂരിലെ നരബലിക്കാരും ഗ്രീഷ്മയ്ക്ക് മുമ്പിൽ ഒന്നുമല്ല!
തിരുവനന്തപുരം: എല്ലാ കുറ്റവും ഗ്രീഷ്മ ഏറ്റെടുക്കുകയാണ്. കാമുകനെ താൻ സ്വയം കൊലപ്പെടുത്തിയെന്ന് അവൾ സമ്മതിക്കുന്നു. എന്നാൽ ആദ്യ ഭർത്താവിനെ കൊന്നാൽ സൈനികനുമായി സുഖ ദാമ്പത്യം ഉണ്ടാകുമെന്ന ഐഡിയ മകൾക്ക് കിട്ടിയത് അമ്മയിൽ നിന്നോ എന്ന സംശയം ഇപ്പോഴും സജീവമാണ്. ജ്യോതിഷ പ്രവചനത്തിന്റെ ചുവടു പിടിച്ച് നടന്ന നീക്കം. ഷാരോണിന്റെ വീട്ടുകാർ സംശയവുമായെത്തിയപ്പോൾ ഗ്രീഷ്മയുടെ വീട്ടുകാരും മറു തന്ത്രവുമായി എത്തി. നായരായ തങ്ങളുടെ കുടുംബത്തെ നാറ്റിക്കാൻ നാടാന്മാർ നടത്തുന്ന നീക്കം. പാറശ്ശാലയിലാകെ ഇതു പ്രചരിപ്പിക്കുകയും ചെയ്തു. ഇതിലാണ് പറശ്ശാല പൊലീസും വീണു പോയത്. പെൺകുട്ടിയെ നല്ലപിള്ളയാക്കി പാറശ്ശാലയിലെ പൊലീസ് ഉന്നതർ തന്നെ മാധ്യമങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചു. മജിസ്ട്രേട്ടിന് ഷാരോൺ നൽകിയ മൊഴിയിൽ പെൺകുട്ടിക്ക് ക്ലീൻ ചീറ്റ് നൽകിയെന്നും പറഞ്ഞു. സമുദായ രാഷ്ട്രീയത്തിന്റെ പാറശ്ശാലയിലെ കള്ളക്കഥകൾ പൊലീസും വിശ്വസിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. അതു മനസ്സിലാക്കിയാണ് റൂറൽ എസ് പി ശിൽപാ ഡി കാര്യങ്ങൾ നീക്കിയത്.
റൂറൽ പൊലീസിലെ സ്പെഷ്യൽ ബ്രാഞ്ചും സജീവമായി അന്വേഷണം നടത്തി. ഷാരോണിന്റേതുകൊലയാണെന്ന് അവർ തിരിച്ചറിഞ്ഞു. പെൺകുട്ടി ധൈര്യ സമേതം മാധ്യമങ്ങൾക്ക് മുന്നിലെത്തിയതോടെ ഒരു കൊടുകുറ്റവാളി ഗ്രീഷ്മയിലുണ്ടെന്ന് തിരിച്ചറിഞ്ഞു. കാമുകന്റെ കൈയിലെ ഫോട്ടോയും വീഡിയോയുമെല്ലാം പ്രശ്നമാകുമെന്ന് അവൾ കരുതി. നാടാർ യുവാവുമായുള്ള പ്രണയം ഭാവിയിലുണ്ടാക്കാവുന്ന ദുരഭിമാനം അവൾ തിരിച്ചറിഞ്ഞു. അങ്ങനെ ജ്യോതിഷ പ്രവചനത്തിൽ എല്ലാം പദ്ധതിയൊരുക്കി. കാമുകനെ കൊണ്ട് താലികെട്ടിച്ച ശേഷം അവനെ തീർക്കുക. അതിന് ശേഷം വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച സൈനികനെ വിവാഹം ചെയ്ത് സുഖജീവിതം. എന്നാൽ ഡോക്ടർമാരുടെ സംശയങ്ങൾ എല്ലാം അട്ടിമറിച്ചു. അന്ധവിശ്വാസം വീണ്ടും മലയാളിയെ കാർന്നു തിന്നുന്ന വിപത്തായി മാറി. ഷാരോൺ തുരിശു കഴിച്ചു കൊല്ലപ്പെട്ടു. പാറശ്ശാല പൊലീസ് എഴുതി തള്ളിയ കേസിൽ റൂറൽ എസ് പി ചടുല നീക്കൾ നടത്തി. അതിവേഗം കേസ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി. ഇതോടെ 'പാറശ്ശാലയുടെ' സുരക്ഷിതത്വത്തിൽ നിന്ന് മാറി ചോദ്യം ചെയ്യൽ ഗ്രീഷ്മയ്ക്ക് നേരിടേണ്ടി വന്നു. അവൾ ആ ക്രൂരത ഏറ്റു പറഞ്ഞു. അന്ധവിശ്വാസത്തിനൊപ്പം നാടാരെ കല്യാണം കഴിക്കേണ്ടി വരുമോ എന്ന ദുരഭിമാനവും കൊലയ്ക്ക് കാരണമായി.
പെൺമക്കൾ അന്യമതസ്ഥരെ വിവാഹം ചെയ്യുന്നത് ഇതിനു മുമ്പും കേരളത്തിൽ ദുരഭിമാനകൊലയായി മാറി. കെവൻ വധത്തിൽ അവനെ ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർ കാട്ടിയ ക്രൂരത മനസാക്ഷിയെ ഞെട്ടിച്ചതാണ്. എന്നാൽ ഇവിടെ കാമുകി തന്നെ സ്വന്തം കാമുകനെ ദുരഭിമാനം കാരണം ഇല്ലാതാക്കുകയാണ്. ഇലന്തൂരിൽ അന്ധവിശ്വാസത്തിന്റെ പേരിൽ നടന്ന ഇരട്ട നരബലിയെക്കാൾ ക്രൂരത പാറശ്ശാലയിൽ സംഭവിച്ചിരിക്കുന്നു. അതുകൊണ്ട് ഗ്രീഷ്മയുടെ കുറ്റസമ്മതം കേരളത്തെ ഞെട്ടിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ പോലും കേട്ടുകേൾവിയില്ലാത്ത സംഭവമാണ് പാറശ്ശാലയിലേത്. മാധ്യമങ്ങളുടെ നീക്കങ്ങളെ പ്രാദേശിക തലത്തിൽ തെറ്റിക്കാൻ നടത്തി കള്ളക്കഥകളും പൊളിഞ്ഞു വീണു. ഗ്രീഷ്മയുടെ മുഖം മൂടി അഴിഞ്ഞു വീണു. ഇതിന് കാരണക്കാരിയായത് ഐപിഎസ് ഉദ്യോഗസ്ഥയായ ശിൽപയാണെന്നതും കാവ്യനീതിയായി. മാധ്യമങ്ങളിലൂടെ ഗ്രീഷ്മ പറയുന്നതെല്ലാം കളവാണെന്ന് ഈ ലേഡി ഓഫീസർ ഉറപ്പിച്ചതാണ് ഈ കേസിലെ വഴിത്തിരിവ്. ഷാരോണിന് കൊടുത്ത ജ്യൂസ് വീട്ടിൽ വന്ന ഓട്ടോ മാമനും കൊടുത്തെന്നും ഓട്ടോ മാമനും സുഖമില്ലാതായെന്നും മാധ്യമങ്ങളോട് ഗ്രീഷ്മ ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ഓട്ടോ മാമനെ കാണിച്ചു കൊടുക്കാൻ ഗ്രീഷ്മയ്ക്ക് കഴിഞ്ഞില്ല. ഇതാണ് സത്യത്തിലേക്ക് ശിൽപ്പയെന്ന എസ് പിയെ അടുപ്പിച്ചത്.
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെൺസുഹൃത്തും കുടുംബവും എസ്പി. ഓഫീസിൽ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെൺകുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു. തുടർന്ന് ഡിവൈ.എസ്പി. ജോൺസൺ, എ.എസ്പി. സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ ചോദ്യംചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലിൽ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് ഓരോകാര്യങ്ങളും പെൺകുട്ടി പൊലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. ഒക്ടോബർ 14-ാം തീയതി പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛർദിയുണ്ടായെന്നും തുടർന്ന് വായിലടക്കം പൊള്ളലുണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.
ചികിത്സയിലിരിക്കെ ദിവസങ്ങൾക്കകം ഓരോ അവയവങ്ങളുടെയും പ്രവർത്തനം നിലയ്ക്കുകയും ഒക്ടോബർ 25-ന് മരണം സംഭവിക്കുകയുമായിരുന്നു. പെൺസുഹൃത്തും വീട്ടുകാരും ചേർന്ന് ആസൂത്രിതമായി പാനീയത്തിൽ ആസിഡ് കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുടുംബം പരാതിപ്പെട്ടിരുന്നത്. എന്നാൽ തുടക്കത്തിൽ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. ഇതോടെ സംഭവം മാധ്യമങ്ങളിൽ വാർത്തയാവുകയും ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു. ഇതാണ് വഴിത്തിരിവായതും.
ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ പറഞ്ഞതാണ് ശരിയാകുന്നത്. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്തുകൊലപ്പെടുത്തിയത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് പറയുന്നു. ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാൻ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്റെ പിതാവ് വ്യക്തമാക്കി.
പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിൻ പിതാവ് പറഞ്ഞു. കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പൊലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പൊലീസ് പറഞ്ഞത്. അവരെ അരമണിക്കൂർ ചോദ്യംചെയ്തപ്പോൾ അതാണ് മനസ്സിലായതെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.
ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പൊലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാൽ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പൊലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു. ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവൾ പറഞ്ഞത്, എനിക്കത് സഹിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.
മകൻ അവളുടെ വീട്ടിൽ പോയി, വീടിന് അമ്പത് മീറ്റർ ദൂരത്തെത്തിയപ്പോൾ അവൾ വിളിച്ചു. വീട്ടിൽ ആരുമില്ല ഇങ്ങോട്ട് വാ എന്നുപറഞ്ഞു. അപ്പോൾ ഗ്രീഷ്മയുടെ അച്ഛനും അമ്മയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി ഷാരോണിന്റെ സുഹൃത്ത് പറഞ്ഞുവെന്നും പെൺകുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് പ്ലാൻ ചെയ്ത് മകനെ കൊന്നതാണെന്നും അച്ഛൻ പറഞ്ഞു. എപ്പോഴും ജ്യൂസും പിടിച്ചാണ് ഗ്രീഷ്മ മകനൊപ്പം നടക്കുന്നത്. ഇത് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. മജിസ്ട്രേറ്റ് വന്ന് മൊഴിയെടുത്തപ്പോൾ മാത്രമാണ് കഷായം കുടിച്ച കാര്യം അവൻ പറഞ്ഞത്. അവസാന നാളിൽ പോലും അവൻ അവൾക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അവൾ അങ്ങനെ ചെയ്യില്ലെന്നായിരുന്നു അവന്റെ വിശ്വാസം. രണ്ട് മാസത്തോളമെങ്കിലും പ്ലാൻ ചെയ്തിട്ടായിരിക്കണം അവർ മകനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിന് മുമ്പേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചു പോകുമെന്ന് പറഞ്ഞിരുന്നതായി ഷാരോണിന്റെ അമ്മ പറഞ്ഞു. അതുകൊണ്ട് ഡിസംബറോടെ വിവാഹം കഴിക്കാം എന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ അവളുടെ വിവാഹം വേറെ ആളുമായി നിശ്ചയിച്ചിരുന്നുവെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞു. മകൻ കുങ്കുമം ചാർത്തിക്കൊടുത്തിരുന്നു. എല്ലാ ദിവസവും കുങ്കുമം ഇട്ടുള്ള ചിത്രം വിശ്വസിപ്പിക്കാൻ വേണ്ടി വാട്സാപ്പിൽ അയച്ചുകൊടുക്കുമായിരുന്നുവെന്നും അമ്മ പറഞ്ഞു. അതെല്ലാം ഷാരോണിനെ കൊലയിലേക്ക് എത്തിക്കാനുള്ള ഗൂഡ നീക്കമായിരുന്നു എന്നാണ് ഇപ്പോൾ തെളിയുന്നത്.