- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേടായ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങിയത് 42 മണിക്കൂര്‍; അന്വേഷണത്തിന് നിര്‍ദേശം നല്കി ആരോഗ്യമന്ത്രി; മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ രണ്ടു ദിവസത്തോളം കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവം അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
മെഡിക്കല്‍ കോളേജ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റിലാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് കുടുങ്ങിയത്. നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗം ഡോക്ടറെ കാണുന്നതിനാണ് രവീന്ദ്രന് ഒ.പി വിഭാഗത്തിലെത്തിയത്. ഇവിടെയുള്ള നാലു ലിഫ്റ്റുകളില്‍ തകരാറിലായ ലിഫ്റ്റിലാണ് രവീന്ദ്രന് കയറിയത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ ലിഫ്റ്റില്‍ കുടുങ്ങി. ഫോണ്‍ തകരാറിലായതിനാല്‍ സംഭവം ആരെയും വിളിച്ച് അറിയിക്കാനുമായില്ല.
സംഭവം ആശുപത്രിയിലെ ആരും ശ്രദ്ധിച്ചില്ല. ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് സ്ഥലംവിടുകയും ചെയ്തു. രവീന്ദ്രനെ കാണാതായതായി കുടുംബം പരാതി നല്കി അന്വേഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറിന് ലിഫ്റ്റ് അറ്റകുറ്റപ്പണിക്കായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് അകത്ത് കുടുങ്ങിക്കിടക്കുന്ന രവീന്ദ്രനെ കണ്ടത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒപി ടിക്കറ്റ് എടുക്കുന്നതിന് മെഡിക്കല്‍ കോളേജിലെത്തിയ നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനായ രവീന്ദ്രന് നായര്‍ ലിഫ്റ്റില്‍ കുരുങ്ങിയത്. 42 മണിക്കൂറോളം രവീന്ദ്രന് നായര്‍ക്ക് മലമൂത്രവിസര്‍ജനത്തില്‍ കിടക്കേണ്ടി വന്നു. ഓര്‍ത്തോ ഒപിയിലെ 11 ആം നമ്പര്‍ ലിഫ്റ്റിലായിരുന്നു രവീന്ദ്രന് നായര്‍ കയറിയത്. ലിഫ്റ്റ് പെട്ടെന്ന് ഇടിച്ച് നില്‍ക്കുകയായിരുന്നുവെന്നും അലാറം പലവട്ടം അടിച്ച് നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രന് പറഞ്ഞു.
ലിഫ്റ്റ് പകുതിയില്‍ വെച്ച് നിന്ന് പോയിട്ടും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും അധികൃതര്‍ ശ്രമിച്ചില്ലെന്നും ഗുരുതര അനാസ്ഥയുണ്ടായെന്നും മകന് ഹരിശങ്കര്‍ പറഞ്ഞു. ആരെങ്കിലും കുടുങ്ങിയാല്‍ പുറത്തേക്ക് അറിയിക്കാനുളള അടക്കം സജീകരണങ്ങളൊന്നും ലിഫ്റ്റില്‍ ഉണ്ടായിരുന്നില്ലെന്ന് ഹരിശങ്കര്‍ പറയുന്നു