കണ്ണൂര്‍: കണ്ണൂരില്‍ ഡോക്ടര്‍ നിര്‍ദേശിച്ച പനിയ്ക്കുള്ള സിറപ്പിന് പകരം തുള്ളിമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സില്‍ നിന്ന് സിറപ്പിന് പകരം നല്‍കിയ തുള്ളിമരുന്ന് കുഞ്ഞിന് നല്‍കിയതാണ് പ്രശ്‌നമായത്. ഫാര്‍മസിയുടെ വീഴ്ച ചോദിക്കാന്‍ ചെന്നപ്പോള്‍ കേസ് കൊടുക്കാന്‍ പറഞ്ഞ് അവഗണിച്ചെന്ന് പിതാവ് സമീര്‍ പറയുന്നു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടര്‍ന്നാല്‍ കരള്‍ മാറ്റിവെക്കുകയല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മാര്‍ഗമില്ല.

കഴിഞ്ഞ ശനിയാഴ്ച പഴയങ്ങാടിയിലെ ഡോക്ടര്‍ താഹിറ കുറിച്ചുനല്‍കിയത് കാല്‍പോളോ സിറപ്പായിരുന്നു. ഖദീജ മെഡിക്കല്‍സില്‍ നിന്ന് കൊടുത്തത് കാല്‍പോളോ തുള്ളിമരുന്നും. കുറിപ്പടിയും മരുന്നുബില്ലും ഇത് തെളിയിക്കുന്നു. ഒറ്റ ദിവസം കൊണ്ട് മരുന്ന് തീര്‍ന്നു. ഡോക്ടറോട് സംസാരിച്ചപ്പോഴാണ് മരുന്ന് മാറിയത് മനസിലായത്. മരുന്നു ഓവര്‍ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചു. ലാബില്‍ ടെസ്റ്റ് ചെയ്തപ്പോഴാണ് കരളിനെ ബാധിച്ചെന്ന് മനസിലായത്. ഫാര്‍മിസിയുടെ വീഴ്ചയാണെന്നും ചോദിക്കാന്‍ ചെന്നപ്പോള്‍ കേസുകൊടുക്കാന്‍ ഉടമ പറഞ്ഞതായാണ് ആരോപണം.

സംഭവത്തില്‍ ഫാര്‍മസി ജീവനക്കാര്‍ക്കെതിരെ കുട്ടിയുടെ പിതൃസഹോദരന്‍ ഇ.പി.അഷ്‌റഫ് രംഗത്ത് വന്നു. കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാര്‍മസി ജീവനക്കാരാണ്. പനി ബാധിച്ചു ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നല്ല നല്‍കിയത്. ചോദിച്ചപ്പോള്‍ 'എന്നാ പോയി കേസ് കൊടുക്ക്' എന്ന് ഭീഷണിപ്പെടുത്തിയതായും അഷ്‌റഫ് പറഞ്ഞു. മരുന്നു മാറി നല്‍കിയ പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കല്‍സിനെതിരെ പൊലിസീല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. ഇന്ന് വൈകിട്ട് ലഭിക്കുന്ന പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ചികിത്സ എന്നും അഷ്‌റഫ് പറഞ്ഞു. ഡോക്ടര്‍ കുറിച്ച പനിക്കുള്ള സിറപ്പിനു പകരം പനിക്കുള്ള തുള്ളിമരുന്നു മാറി നല്‍കുകയായിരുന്നു. മരുന്നു ഓവര്‍ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്നാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് ഖദീജ ഫാര്‍മസിയില്‍നിന്നു മരുന്നുവാങ്ങിയത്.