തൃശ്ശൂര്‍: പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്ക് എത്തിയ ബെംഗളൂരു സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. കേസില്‍ പ്രതിയായ ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകന്‍ ടി എ അരുണിനെ ഹണിട്രാപ്പില്‍ കുടുക്കിയ പരാതിക്കാരിയായ യുവതിയും അവരുടെ സഹായികളായ നാലുപേരും അറസ്റ്റിലായി. ബെംഗളൂരു ബാനസവാടി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ:

കഴിഞ്ഞ ജൂണ്‍ 16-ന് ദേവസ്ഥാനം ഉടമയുടെ മരുമകന്‍ അരുണിനെ ബെംഗളൂരു പൊലീസ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പൂജകള്‍ക്കായി എത്തിയ യുവതിയെ സൗഹൃദം നടിച്ച് വീഡിയോ കോളില്‍ നഗ്‌നത പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍, അരുണിനെ കരുതിക്കൂട്ടി കുടുക്കുകയായിരുന്നുവെന്ന് കുടുംബം കര്‍ണാടക ആഭ്യന്തരമന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു.

തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ മസാജ് പാര്‍ലറില്‍ ജീവനക്കാരിയായ രത്‌ന, സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോന്‍, ഇയാളുടെ സഹായികളായ സജിത്ത്, ആലം എന്നിവര്‍ അറസ്റ്റിലായത്. ശരത് മേനോനും സംഘവും രത്‌നയെ ഉപയോഗിച്ച് അരുണിനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് കണ്ടെത്തല്‍. കേസില്‍ മലയാളികളായ മറ്റു ചിലരും പിടിയിലാകാനുണ്ട്.

ദേവസ്ഥാനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് ദീര്‍ഘനാളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം. ഇതിന്റെ തുടര്‍ച്ചയായാണ് ഹണിട്രാപ്പ് ഒരുക്കിയതെന്നാണ് സൂചന. കേസില്‍ അറസ്റ്റിലായ അരുണിന് 45 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ജൂണ്‍ 16-ന് ബെംഗളൂരു സ്വദേശിനിയായ രത്‌ന, ദേവസ്ഥാനത്തിന് സമീപത്തെ മുറിയില്‍വെച്ച് അരുണ്‍ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തത്. തെളിവുകളായി ഫോണ്‍ സംഭാഷണങ്ങളും വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും രത്‌ന പൊലീസിന് കൈമാറി.

കേസില്‍ നിന്ന് ഒഴിവാക്കാന്‍ ബെംഗളൂരു പോലീസ് 2 കോടി രൂപ ആവശ്യപ്പെട്ടെന്് അരുണിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍, രത്‌നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയത് പാലക്കാട് സ്വദേശിയായ ശരത് മേനോനും സംഘവുമാണെന്ന് തെളിഞ്ഞു.

വ്യാജ പരാതി ഇങ്ങനെ

കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി പൂജയ്‌ക്കെത്തിയ യുവതിയുമായി സൗഹൃദത്തിലായ ശേഷം വാട്‌സ് ആപ്പ് കോളില്‍ വിളിച്ചു നഗ്‌നത പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ചു പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.

രണ്ടു കുട്ടികളുടെ അമ്മയായ 38കാരി കുടുംബ പ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണു പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ എന്ന ജീവനക്കാരന്‍ സൗഹൃദത്തിലായി. കുടുംബത്തിനു മേല്‍ ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതുമാറ്റാനായി പ്രത്യേകത പൂജകള്‍ വേണമെന്നും അരുണ്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ വിഡിയോ കാള്‍ ചെയ്തു നഗ്‌നയാവാന്‍ ആവശ്യപ്പെട്ടന്നാണു പരാതി. വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്തു കുട്ടികളെ അപകടപെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി


ഹണിട്രാപ്പെന്ന കുടുംബത്തിന്റെ വാദം തെളിഞ്ഞു

അരുണിനെ പീഡന പരാതിയില്‍ അറസ്റ്റു ചെയ്തതിന് പിന്നില്‍ ഹണിട്രാപ്പ് സംഘമാണെന്ന് ക്ഷേത്രം തന്ത്രിയുടെ മൂത്ത മകള്‍ ഉണ്ണിമായ ജൂണില്‍ ആരോപിച്ചിരുന്നു. തന്ത്രിയുടെ ഇളയ മകളുടെ ഭര്‍ത്താവാണ് അരുണ്‍. തന്റെ ചില കുടുംബാംഗങ്ങള്‍ തന്നെ ആസൂത്രണം ചെയ്തതാണ് വ്യാജപരാതിയെന്ന് ഉണ്ണി മായ ആരോപിച്ചിരുന്നു.

രണ്ടാം പ്രതിയായി ചേര്‍ത്ത തന്റെ അച്ഛനെ കേസില്‍ നിന്നൊഴിവാക്കാന്‍ ബംഗളൂരു പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും അവര്‍ ആരോപിച്ചിരുന്നു. തന്ത്രി ഉണ്ണി ദാമോദരന്റെ ബന്ധുക്കളുടെ വൈരാഗ്യമാണ് കേസിന് കാരണം. ഇവര്‍ ഗൂഢാലോചന നടത്തിയാണ് പീഡനക്കേസ് സൃഷ്ടിച്ചത്. ഇവരില്‍ ഒരാളുടെ കര്‍ണാടകയിലെ പെണ്‍ സുഹൃത്താണ് പരാതിക്കാരി. അച്ഛന്‍ നിരപരാധിയാണെന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയിട്ടും ഒഴിവാക്കാന്‍ പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടു. കര്‍ണാടക പൊലീസ് പണം ആവശ്യപ്പെട്ടതിന്റെ തെളിവും പക്കലുണ്ട്. തന്ത്രിയെയും ക്ഷേത്രത്തെയും തകര്‍ക്കാനാണ് ശ്രമം.

പരാതിക്കാരി പൂജയ്ക്കായി ക്ഷേത്രത്തിലെത്തിയ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. ക്ഷേത്രത്തിലെത്തിയ അവര്‍ ഫോട്ടോകള്‍ എടുത്തു മടങ്ങിയശേഷം സഹോദരിയുടെ ഭര്‍ത്താവിനെ പീഡനക്കേസില്‍ കുടുക്കി. അറസ്റ്റിലായ അരുണ്‍ യുവതിയുമായി ഫോണ്‍ ചാറ്റ് നടത്തിയിട്ടുണ്ട്. പുറത്തുവന്ന ചാറ്റുകളില്‍ നിന്ന് പരാതിക്കാരിയുടെ വാക്കുകള്‍ മായ്ച്ചത് ദുരൂഹമാണ്. അരുണ്‍ യുവതിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ല.ദേവസ്ഥാനം തന്ത്രിയായ അച്ഛനില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനാണ് ശ്രമം. അച്ഛനെ വധിക്കാന്‍ ശ്രമിക്കുകയും ഭണ്ഡാരവും വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ദേവസ്ഥാനം ആരംഭിക്കാനിരുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രവും ജീവകാരുണ്യ പ്രവര്‍ത്തനവും അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ണി ദാമോദരന്‍ ചില ബന്ധുക്കളെ പുറത്താക്കിയിരുന്നു. ഇതിന്റെ പകയിലാണ് കുടുംബത്തെയും ക്ഷേത്രത്തെയും തകര്‍ക്കാന്‍ വ്യാജപരാതി ഉന്നയിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും ഉണ്ണിമായ പറഞ്ഞിരുന്നു.