- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മദ്യലഹരിയില്‍ സെക്കന്‍ഡുകള്‍ നീണ്ട ഒരൊറ്റ ഫോണ്‍ കോള്‍; സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിയായത് നാലു നിരപരാധികള്‍; പോലീസിന് തിരിച്ചടി നല്കി കോടതി വിധി: തെളിവില്ലാ കേസുമായി പോയ പെരുനാട് പോലീസിന് പറ്റിയത് ഇങ്ങനെ
നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതാണ് പോലീസ് കാണിച്ച മണ്ടത്തരം.
പത്തനംതിട്ട: പതിനാലു കൊല്ലം മുന്‍പ് പതിനെട്ടും പതിനാറും വയസുളള സഹോദരിമാര്‍ ജീവനൊടുക്കിയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി തിരിച്ചടിയായത് നിരപരാധികളെ കേസില്‍ കുടുക്കാന്‍ നോക്കിയ കേരള പൊലീസിനാണ്. രണ്ടു വട്ടം അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടും പ്രതികളായ നാലു യുവാക്കളെ ശിക്ഷിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായില്ല. നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതാണ് പോലീസ് കാണിച്ച മണ്ടത്തരം.
കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് മുന്നില്‍ പ്രോസിക്യൂഷനും പോലീസും വിയര്‍ത്തു. 2010 മാര്‍ച്ച് 17 നാണ് പെരുനാട് അച്ചന്‍മുക്കിലെ റബര്‍ തോട്ടത്തിലുള്ള പുകപ്പുരയില്‍ പെരുനാട് കണ്ണന്നുമണ്‍ സ്വദേശികളായ സിന്ധു(18), ബിന്ദു (16) എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫോണിലേക്ക്് അവസാനം വിളിച്ചു എന്ന് ആരോപിച്ച് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി സുധീഷ് എന്ന് വിളിക്കുന്ന ഗോപാലകൃഷ്ണന്‍, പെരുനാട് മടത്തുംമൂഴി സ്വദേശി മനോജ് കുമാര്‍, വഞ്ചിയൂര്‍ സ്വദേശി അരുണ്‍ നാരായണന്‍ ശശി, പെരുനാട് സ്വദേശി വിനോദ് കുമാര്‍ എന്നിവരെ വടശേരിക്കര പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന രാധാകൃഷ്ണ പിള്ള അറസ്റ്റ് ചെയ്തു.
പെരുനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പ്രതികളില്‍ വിനോദ്കുമാര്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് മരിച്ചു. സാഹചര്യത്തെളിവ് മാത്രം വച്ചാണ് യുവാക്കളെ പ്രതികളാക്കിയത്. യുവതികള്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. നിരവധി പേജുകള്‍ ഉള്ള കുറിപ്പില്‍ ഒരിടത്തു പോലും ഈ യുവാക്കളുടെ പേരുണ്ടായിരുന്നില്ല. പ്രതികള്‍ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തതിനും തെളിവുണ്ടായിരുന്നില്ല.
ആത്മഹത്യക്കുറിപ്പ് ഉണ്ടായിരിക്കുകയും അതില്‍ പ്രതികളുടെ പേര് ഇല്ലാതിരിക്കുകയും ചെയ്തിട്ടും ആത്മഹത്യാ പ്രേരണ കുറ്റം പോലീസ് ചുമത്തിയതും വിഡ്ഢിത്തമായി. യുവാക്കള്‍ പെണ്‍കുട്ടികളെ ഫോണില്‍ വിളിച്ചുവെന്നതിന്റെ പേരില്‍ മാത്രമാണ് പ്രതികളാക്കിയത്. അതേ സമയം, പെണ്‍കുട്ടികളുടെ ഫോണിലേക്ക് നൂറുകണക്കിന് ചെറുപ്പക്കാരുടെ വിളികള്‍ എത്തിയിരുന്നുവെന്ന് സിഡിആര്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഇതില്‍ പെണ്‍കുട്ടികളുമായി നാലും അഞ്ചും മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിച്ച നിരവധി നമ്പരുകള്‍ ഉണ്ടായിരുന്നു. അവരെയൊന്നും പോലീസ് വിളിപ്പിക്കുകയോ മൊഴി എടുക്കുകയോ ചെയ്തിരുന്നില്ല.
കുട്ടികള്‍ മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് പ്രതികളില്‍ ഒരാളായ മനോജ് കുമാറിന്റെ ഫോണില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോണിലേക്ക് ഒരു കാള്‍ പോയിരുന്നു. ഏതാനും മിനുട്ട് മാത്രമാണ് അതുണ്ടായിരുന്നത്. മനോജിന്റെ ബന്ധുവായ ഗോപാലകൃഷ്ണനാണ് ആ കാള്‍ വിളിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഗോപാലകൃഷ്ണന് പെണ്‍കുട്ടികളില്‍ ഒരാളുമായി പരിചയം ഉണ്ടായിരുന്നു. പ്രതികള്‍ നാലു പേരും മദ്യപിച്ച് ലക്കുകെട്ടിരിക്കുമ്പോള്‍ മനോജിന്റെ ഫോണ്‍ എടുത്ത് ഗോപാലകൃഷ്ണന്‍ മൂത്ത പെണ്‍കുട്ടിയെ വിളിക്കുകയായിരുന്നു. ഈ ഒരൊറ്റ ഫോണ്‍കാളാണ് മറ്റു മൂന്നു പേര്‍ക്കും വിനയായത്.
കോടതിയില്‍ തെളിവുകളില്ലാതെ വന്നപ്പോള്‍ പ്രോസിക്യൂഷന്റെ നിര്‍ദേശ പ്രകാരം പുനരന്വേഷണം നടത്തി. 2022 ല്‍ നടന്ന പുനരന്വേഷണത്തിലും പ്രത്യേകിച്ച് തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പ്രതികളെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 1 ജഡ്ജി ജയകുമാര്‍ ജോണ്‍ വെറുതെ വിട്ടു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാം പ്രതി മനോജ്കുമാറിന് വേണ്ടി അഡ്വ. മഹേഷ് റാമാണ് ഹാജരായത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്