തൃശൂര്‍: ബസില്‍ മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികള്‍ കൊടകര പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് തെങ്കാശി നരിക്കുറുവ സ്വദേശികളായ പഞ്ചവര്‍ണ്ണം, മാരി എന്നീ യുവതികളാണ് പിടിയിലായത്. തൃശ്ശൂരില്‍ ബസിലെത്തി പോക്കറ്റടി പതിവാക്കിയവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ബസുകളില്‍ കറങ്ങി നടന്ന് സ്ത്രീ യാത്രക്കാരുടെ ബാഗില്‍ നിന്ന് പഴ്‌സും പണവും കവരുന്നതാണ് ഇവരുടെ രീതി. തൃശൂര്‍ നഗര പരിസരത്ത് തമ്പടിച്ച് നല്ല രീതിയില്‍ വസ്ത്രം ധരിച്ച് ദിവസവും ബസുകളില്‍ കറങ്ങിനടന്ന് തിക്കും തിരക്കുമുണ്ടാക്കി മോഷണം നടത്തിയ ഇറങ്ങി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുന്നതാണ് ഇവരുടെ ശൈലി.

ചെട്ടിച്ചാല്‍ സ്വദേശിനിയുടെ ബാഗില്‍ നിന്ന് കഴിഞ്ഞ ദിവസം 35000 രൂപ കവര്‍ന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി യുവതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അവരുടെ യാത്രാ വഴികളിലൂടെ സഞ്ചരിച്ച് ഫോട്ടോകള്‍ ശേഖരിച്ച് പൊലീസ് ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് ഒരു സ്ത്രീക്ക് സ്ഥിരമായി ബേക്കറികളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കയറി വെള്ളവും ഭക്ഷണവും വാങ്ങുന്ന പതിവ് ഉണ്ടെന്ന് മനസ്സിലാക്കി ഇവര്‍ വരാന്‍ സാധ്യതയുള്ള പല കടകളിലും ബേക്കറികളിലും ഇവരുടെ ചിത്രങ്ങള്‍ കാണിച്ചാണ് കൊടകര ടൗണ്‍ ബസ്റ്റോപ്പില്‍ നിന്ന് ഇവരെ ചൊവ്വാഴ്ച പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ചിറ്റിലപ്പള്ളി സ്വദേശിനിയുടെയും തൃശൂരിലെ കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്ററുടെയും പരാതികളില്‍ വേറെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ വേറെയുണ്ടെന്നും പൊലീസ് പറഞ്ഞു. കല്ലമ്പലം സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ രണ്ട് കേസുകളും കൊട്ടാരക്കര സ്റ്റേഷനില്‍ ഒരു കേസുമുണ്ട്.

പിടിക്കപ്പെട്ടാല്‍ പേരും വിലാസവും മാറ്റി പറഞ്ഞതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൊടകര ഇന്‍സ്‌പെക്ടര്‍ പി കെ ദാസ്, എസ് ഐ ഐ പി സുരേഷ്, ഇഎസ്‌ഐ എന്‍ ബൈജു, ആഷ്‌ലിന്‍ ജോണ്‍, ഷീബ അശോകന്‍, പി കെ അനിത, കെ പി ബേബി, എ ഇ ലിജോണ്‍, എസ് സി പി ഒ ജെന്നി ജോസഫ്, സി പി ഒ കെ എസ് സഹദേവന്‍, പി എസ് സനല്‍. കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.