- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ; യുവതിക്ക് മറ്റ് പ്രണയമുണ്ടോ എന്ന് സംശയം; ഇത് ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടായി; ഓണ്‍ലൈനിലൂടെ കത്തിയും കയറും വാങ്ങി മായയെ കൊന്നു; ഫാനില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നാല് ദിവസം നിരന്തര യാത്രയും: ആരവ് പോലീസിനോട് പറഞ്ഞത്
മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ;
ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്മെന്റില്‍ അസമീസ് വ്ളോഗറായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ച് മലയാളി യുവാവായ ആരവ്. കാമുകിയെ സംശയം കൊണ്ടാണ് കൊലപ്പെടുത്തിയത് എന്നാണ് യുവാവ് പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. യുവതിയെ സംശയം തോന്നിയെത് ചോദ്യം ചെയ്തപ്പോള്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു.
ഇന്ദിരാ നഗറിലെ അപ്പാര്‍ട്മെന്റില്‍ മുറിയെടുത്തശേഷം മായയുമായി തര്‍ക്കമുണ്ടായെന്നും കൊലപാതകത്തിനുശേഷം ആത്മഹ്യക്ക് ശ്രമിച്ചെന്നും ആരവ് മൊഴി നല്‍കിയിട്ടുണ്ട്. അടുത്തിടെ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് മായയുമായി സൗഹൃദത്തിലാകുന്നത്. ഈ ബന്ധം ഊഷ്മളമായി മുന്നോട്ടു പോകവേയാണ് യുവതിക്ക് മറ്റ് പ്രണയബന്ധമുണ്ടോ എന്ന സംശയം ഉണ്ടായത്. ഇത് ചോദിച്ചതോടെ തര്‍ക്കമുണ്ടാകുകയായിരുന്നു.
ഇതോടെ യുവതിയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ കയറും കത്തിയും വാങ്ങുകയായിരുന്നു. തുടര്‍ന്ന് കയര്‍ കഴുത്തില്‍ കുരുക്കി മായയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ ശരീരത്തില്‍ കത്തികൊണ്ട് കുത്തുകയും ചെയ്തു. അതിനുശേഷം മുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും ആരവിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ തനിക്ക് തൂങ്ങി മരിക്കാന്‍ സാധിച്ചില്ല. ചോദ്യം ചെയ്യലിനിടെ കടുത്ത വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളും ആരവ് പ്രകടിപ്പിച്ചിരുന്നു. ഒരു മാനസിക വിദഗ്ദ്ധന്റെ സഹായം കൂടി തേടിയശേഷമാകും പോലീസ് ഇനി 21-കാരനെ ചോദ്യം ചെയ്യുക.
ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുന്ന ആരവിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷ നല്‍കും. ആരവിന്റേയും മായയുടേയും കഴിഞ്ഞ ആറ് മാസത്തെ ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചിരുന്നു. ഇക്കാലയളവില്‍ ആരവ് ഏറ്റവും കൂടുതല്‍ സംസാരിച്ചത് മായയോടാണ്. മറ്റാരുമായും കൃത്യമായ ആശയവിനിമയം ആരവ് നടത്തിയിട്ടില്ല.
അപ്പാര്‍ട്മെന്റില്‍ നിന്ന് ചൊവ്വാഴ്ച്ച രക്ഷപ്പെട്ട ആരവ് നാല് ദിവസത്തിനിടയില്‍ സഞ്ചരിച്ചത് 2088 കിലോമീറ്ററാണ്. ആദ്യം ഉത്തര കര്‍ണാടകയിലെ റെയ്ച്ചൂരിലേക്കാണ് പോയത്. അവിടെ ഒരു ദിവസം തങ്ങി. അതിനുശേഷം ട്രെയിന്‍ മാര്‍ഗം മധ്യപ്രദേശിലേക്ക് കടന്നു. അവിടെ നിന്ന് ഉത്തര്‍ പ്രദേശിലെ വാരാണസി സന്ദര്‍ശിച്ചു. അവിടെ നിന്ന് കണ്ണൂരിലെ തോട്ടടയിലെ വീട്ടിലേക്ക് ആരവ് വിളിച്ചിരുന്നു. മുത്തച്ഛനോട് സംസാരിക്കുകയും ചെയ്തു. കീഴടങ്ങാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടതോട ആരവ് സമ്മതിക്കുകയായിരുന്നു.
പിന്നീടാണ് പോലീസിനെ വിളിച്ചു കീഴടങ്ങാന്‍ തയ്യാറാണെന്ന് യുവാവ് അറിയിച്ചത്. ബെംഗളൂരുവിലേക്ക് തിരിച്ചെത്താന്‍ പോലീസ് ആവശ്യപ്പെടുകയും തുടര്‍ന്ന് മടങ്ങിയെത്തിയ ആരവിനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം രണ്ടുദിവസം മൃതദേഹത്തിനൊപ്പം സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ കഴിഞ്ഞതിന് ശേഷമാണ് ആരവ് ബെംഗളൂരുവില്‍നിന്ന് മുങ്ങിയത്.
കൊലപാതകം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ടാക്‌സിയില്‍ മെജസ്റ്റിക്കിലെത്തിയ പ്രതി, ഇവിടെനിന്ന് ട്രെയിന്‍ മാര്‍ഗമാണ് നഗരത്തില്‍നിന്ന് കടന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിവിധ ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.
യുവതിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പോലീസ് പറയുന്നു. യുവതിയുമായി സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനെത്തിയ പ്രതി, ബാഗില്‍ കത്തിയും ചാക്കും ഉള്‍പ്പെടെ കരുതിയിരുന്നു. ഓണ്‍ലൈന്‍ വഴി ഇയാള്‍ കയറും വാങ്ങി. കൃത്യം നടത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാന്‍ പ്രതി നീക്കംനടത്തിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച പ്രതി മുറിയില്‍ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മൃതദേഹത്തിന് സമീപത്തിരുന്ന് സിഗരറ്റുകള്‍ വലിച്ചുതള്ളിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ഇതൊക്കെ യുവാവിന്റെ മാനസിക നിലയിലെ പ്രശ്‌നങ്ങളായി കണക്കാക്കുന്നുണ്ട്.
നവംബര്‍ 26-നാണ് ബെംഗളൂരു ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിങ്‌സ് സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ മായയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മായയും ആരവും 23-ാം തീയതി വൈകീട്ടോടെയാണ് സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയില്‍ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് അപ്പാര്‍ട്ട്മെന്റില്‍നിന്ന് പുറത്തുപോയത്. ഇതിനുപിന്നാലെ മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും തലയിലും ഉള്‍പ്പെടെ പരിക്കേറ്റ് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മായയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. നെഞ്ചില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. യുവതിയുടെ മൊബൈല്‍ ഫോണും മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ഗുവാഹത്തി സ്വദേശിയായ മായ ഗൊഗോയ് ജയനഗറിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. വ്ളോഗര്‍ കൂടിയായ മായയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെ ഫോളോവേഴ്സുണ്ട്.
സഹോദരിക്കൊപ്പമാണ് മായ ബെംഗളൂരൂവില്‍ താമസിച്ചിരുന്നത്. മായയും ആരവും തമ്മില്‍ ആറുമാസത്തോളമായി സൗഹൃദത്തിലാണെന്നാണ് യുവതിയുടെ സഹോദരി പോലീസിന് നല്‍കിയ മൊഴി. ആരവ് എച്ച്.എസ്.ആര്‍. ലേഔട്ടിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറായി ജോലിചെയ്തുവരികയായിരുന്നു.