തിരുവനന്തപുരം: ചെമ്പഴന്തിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്ക്കും സുഹൃത്തിനുമെതിരായി കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആനന്ദേശ്വരം സ്വദേശിനിയായ അനുവിനെയും സുഹൃത്ത് പ്രണവിനെയുംതിരെയാണ് നടപടി. ട്യൂഷന്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകനെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. പൊത്തന്‍കോട് സെന്റ് തോമസ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് ഇര. സംഭവത്തില്‍ കുട്ടിയുടെ ഇരു കാലുകളിലും മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സാറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാടകവീട്ടില്‍ രണ്ട് മക്കളുമായി താമസിക്കുന്ന അനു, സുഹൃത്ത് പ്രണവുമൊത്ത് പാര്‍ട്ണര്‍ഷിപ്പില്‍ ബ്യൂട്ടിഷ്യന്‍ അക്കാദമി നടത്തുന്നുണ്ട്. വിവാഹബന്ധത്തില്‍ പ്രശ്‌നം ഉള്ള അനു ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയാണ്. കുട്ടിയെ നേരത്തെ നിരവധി തവണ മര്‍ദ്ദിച്ചിരുന്നതായി കുഞ്ഞ് പൊലീസിനോട് വെളിപ്പെടുത്തി. തന്റെ സഹോദരനും ക്രൂര മര്‍ദ്ദനത്തിന് വിധേയനാകാറുണ്ടെന്നും കുഞ്ഞ് പറഞ്ഞു. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയിരുന്നു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കുട്ടി അച്ഛനുമായി ബന്ധപ്പെടുന്നത്. തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹോദരന്മാരുടെ സുരക്ഷ ഉറപ്പാക്കാനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെടാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു. തുടര്‍ന്നു അന്വേഷണത്തിനായി പ്രതികളായ അമ്മയും സുഹൃത്തിനെ ചോദ്യം ചെയ്യും.