- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തേൻ വിൽക്കാൻ പോയ സുദേവൻ കാട്ടിനുള്ളിൽ മരിച്ച നിലയിൽ; അരയ്ക്ക് താഴെ മുറിവേറ്റ പാടുകൾ, മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകം; ചെമ്പനരുവിയിലെ 53-കാരൻ്റെ മരണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം

പുനലൂർ: തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയായ ചെമ്പനരുവിയിൽ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ചെമ്പനരുവി ചെരുപ്പിട്ടകാവ് മുള്ളുമല ഗിരിജൻ ഉന്നതിയിൽ താമസിക്കുന്ന സുദേവൻ (53) ആണ് മരിച്ചത്. ശരീരത്തിൽ മുറിവേറ്റ പാടുകളുള്ളതിനാൽ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്ന് തേൻ വിൽപനയ്ക്കായി പോയതായിരുന്നു സുദേവൻ. എന്നാൽ പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കാട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് വിവരം വാർഡ് മെമ്പർ കവിത സോമരാജനെ അറിയിച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ സുദേവൻ്റെ ശരീരത്തിൽ അരയ്ക്കു താഴെ മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവാണോ മരണകാരണമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തി.
സുദേവൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. മരണകാരണം സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധനകൾ നടത്തുമെന്നും നാട്ടുകാരുടെ ആശങ്കകൾ പരിഗണിക്കുമെന്നും പോലീസ് ഉറപ്പുനൽകി. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.


