- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണം കഴിഞ്ഞ നാൾ മുതൽ ഭാര്യയെ സംശയം; ഫോണിലെ മെസേജുകൾ പരിശോധിക്കുന്നത് പതിവ്; ഒരു രാത്രി 150 മിസ്ഡ് കോൾ; പ്രസവം കഴിഞ്ഞു കിടക്കുമ്പോഴും സംശയം കലശൽ; പ്രസവശേഷം 12-ാം ദിവസം ഭാര്യയെ കൊന്ന് പൊലീസുകാരൻ; വിഷംകുടിച്ച് ആശുപത്രിയിൽ
ബെംഗളൂരു: സംശയരോഗം കലശലായതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടക കർണാടകയിലെ ചാമരാജനഗറിൽ പൊലീസ് കോൺസ്റ്റബിളായ ഡി.കിഷോർ(32) ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയത്. പ്രസവം കഴിഞ്ഞ് 12 നാൾക്ക് ശേഷമാണ് പ്രതിഭ കൊല്ലപ്പെട്ടത്. സംശയരോഗിയായ കിഷോർ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
ഭാര്യയെ കൊല്ലുന്നതിന് മുൻപേ വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സതേടുകയായിരുന്നു. കോലാറിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ പ്രതിഭയുടെ ഹൊസ്‌കോട്ടിലെ വീട്ടിൽവച്ചാണ് ദാരുണമായ സംഭവമുണ്ടായത്. 11 ദിവസം മുൻപാണ് ദമ്പതിമാർക്ക് ആൺകുഞ്ഞ് പിറന്നത്.
ഹൊസ്‌കോട്ടിലെ വീട്ടിൽ പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതിയെ സംശയത്തെത്തുടർന്നാണ് ഭർത്താവ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്നവിവരം. വിവാഹ ശേഷം തുടക്കം മുതൽ ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നു. ഈ സംശയം കലശലായതോടെയാണ് കൊലപാതകവും.
ജോലിസ്ഥലത്തുനിന്ന് 230 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചെത്തിയാണ് ഇയാൾ കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ചാമരാജനഗർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ കോലാർ സ്വദേശി കിഷോറും ബി.ടെക്ക് ബിരുദധാരിയായ പ്രതിഭയും കഴിഞ്ഞവർഷം നവംബർ 13-നാണ് വിവാഹിതരായത്. അന്ന് മുതൽ കിഷോറിന് പ്രതിഭയിൽ സംശയമായിരുരുന്നു. ഇവരുടെ ഒന്നാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു അരുംകൊല നടത്തിയിരിക്കുന്നതും.
സംശയരോഗം മൂലം ഭാര്യയുടെ ഫോൺകോളുകളും മെസേജുകളും ഇയാൾ പതിവായി പരിശോധിച്ചിരുന്നു. മെസേജ് അയച്ചത് ആർക്കാണ്, എന്താണ് പരിചയം, എന്താണ് സംസാരിച്ചത് തുടങ്ങിയ ചോദ്യങ്ങളും പതിവായിരുന്നു. കോളേജിലെ സഹപാഠികളായിരുന്ന യുവാക്കളുമായി ഭാര്യയ്ക്ക് അടുത്തബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം. ഇവർക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങൾ അയക്കുന്നതിനെ ചൊല്ലി ഭാര്യയുമായി വഴക്കിടുന്നതും പതിവായിരുന്നു.
അടുത്തിടെയാണ് പ്രസവത്തിനായി പ്രതിഭ ഹൊസ്‌കോട്ടിലെ സ്വന്തം വീട്ടിലെത്തിയത്. 11 ദിവസം മുൻപ് ദമ്പതിമാർക്ക് ആൺകുഞ്ഞും പിറന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന പ്രതിഭയെ ഭർത്താവ് ഞായറാഴ്ച ഫോണിൽവിളിച്ച് വഴക്കുപറഞ്ഞതായാണ് വിവരം. പ്രതിഭയുടെ കരച്ചിൽ കണ്ട് അമ്മ കാര്യംതിരക്കിയപ്പോളാണ് ഇക്കാര്യമറിഞ്ഞത്. തുടർന്ന് അമ്മ ഫോൺ വാങ്ങി കിഷോറിന്റെ കോൾ കട്ടാക്കി. ഇനി കിഷോർ വിളിച്ചാൽ ഫോണെടുക്കരുതെന്നും നിർദേശിച്ചു. കരച്ചിലും വിഷമവും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കുമെന്ന് പറഞ്ഞാണ് അമ്മ ഫോണെടുക്കുന്നത് വിലക്കിയത്.
പിറ്റേദിവസം രാവിലെ പ്രതിഭ ഫോൺ പരിശോധിച്ചപ്പോൾ ഭർത്താവിന്റെ 150 മിസ്ഡ് കോളുകളാണ് കണ്ടത്. ഇതേക്കുറിച്ച് മാതാപിതാക്കളോട് പറയുകയും ചെയ്തു. തുടർന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഭർത്താവ് കിഷോർ അപ്രതീക്ഷിതമായി ഹൊസ്‌കോട്ടിലെ വീട്ടിലെത്തിയത്. ഈ സമയം പ്രതിഭയും കുഞ്ഞും ഒന്നാംനിലയിലെ മുറിയിലും അമ്മ ടെറസിലുമായിരുന്നു.
വീട്ടിലെത്തിയ കിഷോർ ഭാര്യയുടെ മുറിയിൽ കയറി വാതിലടച്ചു. പിന്നാലെ കൈയിൽ കരുതിയിരുന്ന കീടനാശിനി കുടിച്ചു. തുടർന്നാണ് ഭാര്യയെ ദുപ്പട്ട കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മകളുടെ നിലവിളി കേട്ടെത്തിയ അമ്മ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. നിരന്തരം വാതിലിൽ മുട്ടി ബഹളംവെച്ചതോടെ 15 മിനിറ്റിന് ശേഷമാണ് പ്രതി വാതിൽതുറന്നത്. പുറത്തിറങ്ങിയ ഉടൻ 'ഞാൻ അവളെ കൊന്നു' എന്നായിരുന്നു ഇയാൾ ഭർതൃമാതാവിനോട് പറഞ്ഞത്. പിന്നാലെ ഇയാൾ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. വിഷം കഴിച്ച് അവശനായ പ്രതി പിന്നീട് കോലാറിലെ സ്വകാര്യ ആശുപത്രിയിലെത്തി സ്വയം ചികിത്സതേടുകയായിരുന്നു.
മറുനാടന് ഡെസ്ക്