- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സംഘം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി; പിന്‍വാങ്ങിയെങ്കിലും പലയിടത്തായി രണ്ടുവീതം പൊലീസുകാര്‍; എല്ലാവരും പോയെന്ന് കരുതി പുറത്തുചാടിയ ചെന്താമര വലയില്‍; നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയത് പോത്തുണ്ടി മട്ടായി മേഖലയില്‍ നിന്ന്; ചെന്താമരയെ കാണാന്‍ രാത്രിയിലും ഇരച്ചെത്തി നാട്ടുകാര്‍
ചെന്താമര വലയില്‍
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര കസ്റ്റഡിയില്‍. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മട്ടായി മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഉടന്‍ നെന്മാറ സ്റ്റേഷനില്‍ എത്തിക്കും. രണ്ടു ദിവസത്തോളമായി പ്രതിയെ പിടികൂടാത്തതില്‍ പൊലീസ് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു.
ഇയാളെ വിഷം കഴിച്ചോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പൊലീസ് അറിയിക്കുന്നത്. അതേസമയം നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പൊലീസ് ഇവിടെ നിന്നും ബലംപ്രയോഗിച്ച് പുറത്തിറക്കി. ഒരു വാഹനം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചുവെന്നും സംശയമുണ്ട്.
പോത്തുണ്ടി മലയിലെ ഇന്ന് തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പിടിയിലായത്. പൊലീസ് പിന്‍വാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയില്‍ നിന്നും പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
പോത്തുണ്ടി മലയില്‍ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ഇയാളുടെ വീടിന്റെ പിന്‍വശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാള്‍ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പോത്തുണ്ടിക്കടുത്തുള്ള ആശുപത്രിയിലാണ് ഇയാളിപ്പോള്‍ ഉള്ളത്. പൊലീസ് തിരച്ചില്‍ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തില്‍ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു.
ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെ വനത്തോട് ചേര്‍ന്ന ജനവാസ പ്രദേശത്താണ് ഇന്ന് വൈകിട്ട് ഇയാളെ കണ്ടെത്തിയത്. ഈ സ്ഥലത്ത് നിന്ന് ചെന്താമരയുടെ ചെറിയമ്മയുടെ വീട്ടിലേക്ക് ഒരു കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഇന്ന് വൈകിട്ട് മട്ടായിലെ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് നാട്ടുകാരും പൊലീസുകാരും ചെന്താമരയെ കണ്ടത്.
പിന്നാലെ ഇയാള്‍ ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി രണ്ട് മണിക്കൂറോളം നൂറോളം നാട്ടുകാരും പൊലീസുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രതി ചെറിയമ്മയുടെ വീട് ലക്ഷ്യമാക്കി കാടുകയറി വന്നതാകാമെന്നാണ് പൊലീസിന്റെ സംശയം.
മാട്ടായി ക്ഷേത്രത്തിന് സമീപം ചെന്താമരയെപ്പോലെ ഒരാളെ കണ്ടുവെന്ന് പോലീസിനോട് പ്രദേശവാസി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. സഞ്ചിയുമായി ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി വോളിബോള്‍ കളിക്കുന്ന കുട്ടികള്‍ പോലീസിനോട് പറയുകയുണ്ടായി. പോലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുത്തു.
പ്രദേശത്ത് പഞ്ചായത്തിന്റെ വലിയ വാട്ടര്‍ ടാങ്കില്‍ അടക്കം തിരച്ചില്‍ നടത്തി. കാടു കയറിയതിനാല്‍ മറഞ്ഞിരിക്കാന്‍ എളുപ്പമുള്ള പ്രദേശമാണിത്. താന്‍ ഇനിയും ആളുകളെ കൊല്ലുമെന്ന് ചെന്താമര പറഞ്ഞതായി ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. ഇതു ആശങ്ക സൃഷ്ടിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലപാതകം. 2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.
ചെന്താമര തങ്ങളെ ഉപദ്രവിക്കുമെന്ന് കൊല്ലപ്പെട്ട സുധാകരന് ഭയമുണ്ടായിരുന്നു. ചെന്താമര ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 29-ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സുധാകരന്റെ മക്കള്‍ അതുല്യയും അഖിലയും പറയുന്നു.
ജയിലില്‍നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നെന്മാറ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉള്‍പ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബര്‍ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയതും സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും.