ജല്‍ന: മിശ്ര വിവാഹിതയായ മകളെയും പേരക്കുട്ടിയെയും യുവതിയുടെ മാതാപിതാക്കള്‍ വീട്ടു തടങ്കലിലാക്കി ചങ്ങലയ്ക്കിട്ടു. ഭര്‍ത്താവ് കോടതിയെ സമീപിച്ചതോടെ യുവതിയെയും കുഞ്ഞിനെയും പൊലീസ് എത്തി മോചിപ്പിച്ചു. മൂന്ന് വയസ്സുള്ള മകനുമായി മാതാപിതാക്കളെ കാണാനെത്തിയ യുവതിയെ രണ്ട് മാസത്തോളമായി വീട്ടില്‍ ചങ്ങലയിലിട്ടിരിക്കുകയായിരുന്നു. മിശ്രവിവാഹിതരാകുന്നതില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്ന മാതാപിതാക്കളില്‍ നിന്നും ക്രൂരപീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നത്.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ബോംബെ ഹൈകോടതി ഔറംഗാബാദ് ബെഞ്ചിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച പൊലീസ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസ് രക്ഷപ്പെടുത്തിയ ഷഹനാസ് എന്ന സോണാലിന്(20) വിവാഹത്തില്‍ മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയുണ്ട്.

രണ്ട് മാസം മുമ്പ് കുട്ടിയുമായി തന്റെ മാതാപിതാക്കളെ കാണാന്‍ പോയ യുവതിയെ തിരികെ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ അനുവദിക്കാതിരിക്കുകയും വീട്ടില്‍ ചങ്ങലക്കിടുകയുമായിരുന്നു. ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കോടതിയെ സമീപിച്ചത്.

പൊലീസ് വീട്ടില്‍ പരിശോധന നടത്തുകയും ഷഹനാസിനെയും മകനെയും രക്ഷപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വഴി ഭര്‍ത്താവിന് കൈമാറിയതായും പൊലീസ് പറഞ്ഞു. മാതാപിതാക്കള്‍ക്കെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും യുവതി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.