ആലപ്പുഴ: തകഴിയില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചശേഷമാണ് കുഞ്ഞിനെ യുവതി കാമുകന് കൈമാറിയത് എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്ന് പേരാണ് കേസില്‍ അറസ്റ്റിലായത്. ഈ മാസം ഏഴിന് പുലര്‍ച്ചെ 1.30നാണ് പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കിയത്. ഇവരുടെ പൂച്ചാക്കലിലെ വീട്ടില്‍ വച്ചായിരുന്നു പ്രസവം. ശേഷം തോമസ് ജോസഫിനെ വിളിച്ചുവരുത്തിയ യുവതി കുഞ്ഞിനെ കൈമാറിയെന്നാണ് മൊഴി.

രാജസ്ഥാനില്‍ ഫോറന്‍സിക് സയന്‍സ് പഠിച്ച് തിരുവനന്തപുരത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന യുവതി ഇന്‍സ്റ്റഗ്രാം വഴിയാണ് ഹോട്ടല്‍ മാനേജ്മെന്റ് പൂര്‍ത്തിയാക്കിയ തോമസുമായി പരിചയത്തിലായത്. വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനിരിക്കെ യുവതി ഗര്‍ഭിണിയായി. വിവരം പക്ഷെ ഇരുവരും വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, ഭാരതീയ ന്യായ സംഹിത 93, 3(5) പ്രകാരമാണ് സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ കൊലപ്പെടുത്തി മറവ് ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നെങ്കിലും ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.

ഓഗസ്റ്റ് 8ന് ഉച്ചകഴിഞ്ഞ് തോമസ് ജോസഫ് സുഹൃത്ത് അശോക് ജോസഫുമായി യുവതിയുടെ വീട്ടിലെത്തിയാണ് കുഞ്ഞിനെ വാങ്ങിയത്. തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കുഞ്ഞിനെ യുവതി ഇവര്‍ക്ക് കൈമാറി. അപ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്നാണ് തോമസിന്റെ മൊഴി. കുഞ്ഞുമായി ബൈക്കില്‍ രാത്രി കുന്നുമ്മയിലെ അശോക് ജോസഫിന്റെ വീടിന് സമീപമെത്തിയ ഇരുവരും ചേര്‍ന്ന് രാത്രിയില്‍ തന്നെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പാടത്തിന് നടുവിലെ ബണ്ടില്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു.

രക്ത സ്രാവത്തെ തുടര്‍ന്ന് തലകറങ്ങിവീണ യുവതിയെ വീട്ടുകാര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിലെത്തിച്ചു. ചികിത്സയിലുള്ള യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തകഴി വണ്ടേപ്പുറം പാടശേഖരത്തിന്റെ ബണ്ടില്‍ കുഴിച്ചുമൂടിയ മൃതദേഹം തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്.

ശനിയാഴ്ച യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പരിശോധനയില്‍ പ്രസവം കഴിഞ്ഞതായി മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയി ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതായാണ് യുവതി അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസന്വേഷണത്തില്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ എത്തിച്ചില്ലെന്നറിഞ്ഞു. തുടര്‍ന്ന്, യുവതിയെ ചോദ്യംചെയ്തപ്പോഴാണ് കാമുകനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അമ്പലപ്പുഴ പോലീസിന്റെ സഹായത്തോടെ തകഴിയിലെത്തി പൂച്ചാക്കല്‍ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കുഴിച്ചുമൂടിയതായി ഇവര്‍ പോലീസിനെ അറിയിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തോമസ് ജോസഫുമായി സംഭവസ്ഥലത്തെത്തിയ പോലീസ് കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മൃതദേഹം കുഴിച്ചിട്ടതായാണ് പ്രതികള്‍ പോലീസിനെ അറിയിച്ചത്. ഫൊറന്‍സിക് സയന്‍സ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. കാമുകന്‍ തോമസ് ജോസഫ് ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചയാളാണ്. രാജസ്ഥാനിലെ ജയ്പുരില്‍ പഠിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. പൂച്ചാക്കല്‍ പോലീസാണ് കേസന്വേഷിക്കുന്നത്.

ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍, അമ്പലപ്പുഴ ഡിവൈ.എസ്.പി. എന്‍.കെ. രാജേഷ്, ചേര്‍ത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നി, ഇന്‍സ്‌പെക്ടര്‍ എം. പ്രതീഷ്‌കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.