പൂനെ: അടിമുടി കള്ളത്തരം കാണിച്ചു ഐഎഎസ് നേടിയെന്ന കേസിലെ പ്രതി പൂജാ ഖേദ്കറെ കാണാനില്ല. ഐഎഎസ് റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനും പിന്നാലെയാണ് പൂജയെ കാണാതായത്. ഇവര്‍ അറസ്റ്റിന് മുമ്പ് ഒളിവില്‍ പോയെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസമാണ് നിയമന ശിപാര്‍ശ യു.പി.എസ്.സി റദ്ദാക്കിയത്. ഭാവിയില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കുകയും ചെയ്തിരുന്നു.

ജൂലൈ 18-ന് യു.പി.എസ്.സി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ജൂലൈ 25-നകം മറുപടി സമര്‍പ്പിക്കണമെന്ന് പൂജാ ഖേഡ്കറോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിനായി ആഗസ്ത് നാല് വരെ സമയം നല്‍കണമെന്ന് പൂജാ ആവശ്യപ്പെട്ടിരുന്നു. ജൂലായ് 30-ന് വൈകുന്നേരം 3.30 വരെയായിരുന്നു വിശദീകരണം നല്‍കാന്‍ അവര്‍ക്ക് സമയം അനുവദിച്ചിരുന്നത്. അതിനുള്ളില്‍ വിശദീകരണം നല്‍കാത്തതിനാലാണ് യു.പി.എസ്.സി. നടപടി സ്വീകരിച്ചത്.

ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷന്‍ കണ്ടെത്തി നടപടിക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു. പൂജ ഖേദ്കറിനെതിരെ ഡല്‍ഹി പൊലീസും കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിന് യുപിഎസ്സി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പൂജ തന്റെ സ്വകാര്യ ഔഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചത് വിവാദമായിരുന്നു. കാറില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബോര്‍ഡും പൂജ സ്ഥാപിച്ചിരുന്നു. വിഐപി നമ്പര്‍ പ്ലേറ്റുള്ള ഔദ്യോഗിക കാര്‍, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവ ഉള്‍പ്പെടുന്ന അന്യായമായ ആവശ്യങ്ങളും ഖേദ്കര്‍ ഉന്നയിച്ചിരുന്നു. നിയമപ്രകാരം ഒരു ട്രയിനിക്ക് ഈ സൗകര്യങ്ങളൊന്നും അനുവദനീയമല്ല.

പൂണെയിലെ സബ് കലക്ടറായിരുന്ന പൂജയുടെ അധികാര ദുര്‍വിനിയോഗം വാര്‍ത്തയായതിനെ തുടര്‍ന്നാണ് തട്ടിപ്പുകള്‍ പുറത്തായത്. തുടര്‍ന്ന് ഇവരെ സ്ഥലം മാറ്റി. പിന്നാലെ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയര്‍ന്നു. മസൂറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷനല്‍ അക്കാദമി ഒഫ് അഡ്മിനിസ്‌ട്രേഷന്‍ പൂജയെ തിരിച്ചുവിളിച്ചു. യുപിഎസ്‌സി പരീക്ഷയില്‍ 841-ാം റാങ്കാണ് ഇവര്‍ക്ക് ലഭിച്ചത്. അഹമ്മദ്നഗര്‍ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായരുന്നു.

യുപിഎസ്‌സി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെങ്കിലും മറുപടി നല്‍കാനുള്ള തീയതിയായ ജൂലൈ 30നും പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പൂജ ഖേദ്കര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍, 2009-2023 കാലയളവില്‍ ഐഎഎസ് സ്‌ക്രീനിങ് പ്രക്രിയ പൂര്‍ത്തിയാക്കിയ 15,000ത്തിലധികം ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചതായി പാനല്‍ അറിയിച്ചു.