കണ്ണൂര്‍: ഭര്‍ത്യമതിയായ യുവതിയെ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്ന ഇരിക്കൂര്‍ പെരു വളത്ത് പറമ്പ് കുട്ടാവ് സ്വദേശി ജിജേഷിനെ (35) തിരെ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ കാരപ്പുറത്തെ വീട്ടില്‍ ഒ.വി അജീഷിന്റെ ഭാര്യ പ്രവീണയും ( 39)ജിജേഷും തമ്മില്‍ നേരത്തെ അടുത്ത പരിചയമുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അജീഷിന്റെ വാടക വീട്ടിലേക്ക് കയറി വന്ന ജി ജേഷ് വെള്ളം ചോദിച്ചു വീട്ടില്‍ കയറിയ ഉടനെ പ്രവീണയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തു കയായിരുന്നു. സംഭവ സമയത്ത്അജീഷിന്റെ പിതാവും സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാരും പിന്നാലെ പൊലിസുമെത്തിയത്.

നില ഗുരുതരമായ തിനെ തുടര്‍ന്ന് ഇരുവരെയും പൊലിസ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ എ സി.പി പ്രദീപന്‍ കണ്ണി പൊയിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.

ജിജേഷും പ്രവീണയും നേരത്തെ പരിചയക്കാരാണെന്നും ഇവര്‍ ഫോണ്‍ മുഖെനെയും സോഷ്യല്‍ മീഡിയ വഴിയും അടുത്ത സൗഹൃദമുണ്ടെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമിക വിവരം. 50 ശതമാനം പൊള്ളലേറ്റ ജിജേഷ് കമിഴ്ന്ന് കിടന്നും അതിലേറെ പൊള്ളലേറ്റ പ്രവീണ ഇരുന്ന നിലയിലുമായിരുന്നു.

ഇരുവരെയും പൊലിസ് ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിതീവ്ര പരിചരണ വിഭാഗത്തില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മരണമടയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.