കോന്നി: ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെ അന്വേഷിച്ച് കണ്ടുപിടിച്ച് ആക്രമിക്കാനെത്തിയ ജയില്‍പുള്ളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. റാന്നി പുതുശേരിമല പള്ളിക്കമുരുപ്പ് കെട്ടിടത്തില്‍ പുത്തന്‍വീട്ടില്‍ ബിനു മാത്യൂ(47)വാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കുമ്മണ്ണൂര്‍ താന്നിമൂട്ടില്‍ ഐ.അബ്ദുല്‍ സത്താറിനെ ആക്രമിക്കാനായി ബിനു കുമ്മണ്ണൂര്‍ ജങ്ഷനിലെത്തിയത്.

അയല്‍പക്കത്തെ വീടുകളിലെത്തി അന്വേഷിക്കുകയും സത്താറിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയതു. ജങ്ഷനിലെ സത്താറിന്റെ പഴയ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരോടും ഇതാവര്‍ത്തിച്ചു. തുടര്‍ന്ന് സത്താര്‍ ഇപ്പോള്‍ താമസിക്കുന്ന മാവനാലിലെ വീട്ടിലെത്തി ഭീഷണി മുഴക്കവേ ബിനുവിനെ പിന്‍തുടര്‍ന്ന് എത്തിയ യുവാക്കള്‍ ഇയാളെ പിടികൂടുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

നാലോളം വധശ്രമക്കേസുകളില്‍ പ്രതിയായ ബിനു ജയിലില്‍ സഹതടവുകാരുമായി അടിപിടി കൂടുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിനുവിനെ കൊല്ലം സബ് ജയിലിലേക്ക് മാറ്റുകയുമായിരുന്നു. സത്താറാണ് ഇതിന് പിന്നില്‍ എന്ന് കരുതിയാണ് ആക്രമിക്കാന്‍ എത്തിയത്. ഇയാളൊടൊപ്പം മറ്റ് മൂന്നു പേരു കൂടി ഉണ്ടെന്നും രക്തം കണ്ട ശേഷമേ മടങ്ങൂവെന്നും പറഞ്ഞതായി ജങ്ഷനിലുള്ള ഗ്രാമ പഞ്ചായത്തംഗം ഷീബ സുധീര്‍ പറഞ്ഞു.

സത്താറിന്റെ മൊഴിയെടുത്ത് പൊലീസ് ബിനുവിനെതിരെ കേസെടുത്തു. ഇയാളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

പക്ഷേ, കൂട്ടാളികളെ കണ്ടെത്താനായിട്ടില്ല.