- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഒരുമാസത്തിനിടെ നടത്തിയ 5 കൊലപാതകങ്ങൾ; റെയിൽവേ സ്റ്റേഷനുകളിൽ ഉറക്കം; ട്രെയിനുകളിൽ മാറിമാറി സഞ്ചാരം; കുടുങ്ങിയത് 'സീരിയൽ കില്ലർ' എന്ന് പൊലീസ്
അഹമ്മദാബാദ്: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ട് എന്നയാളാണ് 19 കാരിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഒരുമാസത്തിനിടെ ഇയാൾ പെൺകുട്ടിയെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 24നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കൊള്ള, കൊലപാതകം തുടങ്ങിയ നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത് .
നവംബർ 14നാണ് ഗുജറാത്തിലെ ഉദ്‌വാഡ റെയിൽവേ സ്റ്റേഷന് സമീപമുള്ള പാളത്തിന് സമീപം ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്. പരിശോധനയിൽ യുവതി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞതോടെ വൽസദ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ഗുജറാത്തിലെ പല ജില്ലകളിലുമായി 2,000 സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നു. മാത്രമല്ല പ്രതിയെ കണ്ടെത്തുന്നതിനായി നിരവധി തെരച്ചിൽ സംഘങ്ങൾ രൂപീകരിച്ചു.
അതേസമയം, പ്രതിയെ പണിപ്പെട്ടാണ് പൊലീസിന് കണ്ടെത്താനായത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ലഭിച്ച വസ്ത്രമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അതേ വസ്ത്രം ധരിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ പൊലീസ് കണ്ടെത്തി. കൊലക്ക് ശേഷം റെയിൽവേ സ്റ്റേഷനിൽ ജാട്ട് ഭക്ഷണം കഴിക്കുന്നതും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ജോലി ചെയ്യുന്ന ഒരു ഹോട്ടലിൽ നിന്ന് ശമ്പളം വാങ്ങാനാണ് പ്രതി എത്തിയത്. സന്ദർശനത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ പ്രതി സീരിയൽ കില്ലറാണെന്ന് സൂചന ലഭിച്ചു. ട്രെയിനുകളിൽ വച്ച് പ്രതി 4 പേരെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിന് ഒരു ദിവസം മുൻപ് തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിൽ വച്ച് പ്രതി ഒരു സ്ത്രീയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയിരുന്നു. ഒക്ടോബറിൽ മഹാരാഷ്ട്രയിലെ സോലാപൂർ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിൽ വച്ച് ഇയാൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് ബംഗാളിലെ ഹൗറ റെയിൽവേ സ്റ്റേഷനു സമീപം കതിഹാർ എക്‌സ്പ്രസ് ട്രെയിനിൽ വയോധികനെ കുത്തിക്കൊന്നു.
കർണാടകയിലെ മുൽക്കിയിൽ ട്രെയിൻ യാത്രക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. വെറും ഒരുമാസത്തിനിടെയാണ് ഇത്രയും കൊലപാതകങ്ങൾ ഇയാൾ നടത്തിയത്. അതിനാൽ പ്രതി ഇനിയും കൊലപാതകങ്ങൾ ഉൾപ്പെടയുള്ള കുറ്റകൃത്യങ്ങൾ നടത്തിയുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഒറ്റയ്ക്കുള്ളവരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ കയറിയാണ് കൊള്ളയും കൊലപാതകവും നടത്തിയത്. റെയിൽവേ സ്റ്റേഷനുകളിൽ ഉറങ്ങിയും, ട്രെയിനുകളിൽ മാറിമാറി സഞ്ചരിക്കുകയായിരുന്നു. ഇതിനാലാണ് പ്രതിയെ പിടിക്കാൻ ബുദ്ധിമുട്ടായത്. അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ ശേഷം രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കൊള്ളകളിൽ ഏർപ്പെട്ടുവെന്നും ഇയാൾക്കെതിരെ 13ഓളം കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.