കോട്ടയം: റാഗിങ് പരാതിയെ തുടര്‍ന്ന് അഞ്ചുവിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങിലാണ് സംഭവം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വിദ്യാര്‍ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടായിരുന്നു ഉപദ്രവം. കോംപസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ടും മുറിവേല്‍പ്പിച്ചു. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവില്‍ മൂന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറില്‍ റാഗിങ് തുടങ്ങിയതായാണു പരാതി.

കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പിക്കുകയും മുറിവില്‍ ലോഷന്‍ തേക്കുകയും ചെയ്തു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളില്‍ കുട്ടികളില്‍ നിന്ന് പണം പിരിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. പീഡനം സഹിക്കവയ്യാതെ 3 കുട്ടികള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.