തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ബലാത്സംഗ ആരോപണം ഉന്നയിച്ച പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ കോടതിയില്‍ ഹാജരാക്കി. ജാമ്യാപേക്ഷ പരിഗണിക്കുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് പൊലീസ് രംഗത്തെത്തി. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയെന്നും പൊലീസ് പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഉടന്‍ വിധി പറയും.

രാഹുലിന്റെ ജാമ്യത്തെ ശക്തമായി പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതി സമാന കുറ്റകൃത്യം മുന്‍പും ചെയ്തിട്ടുള്ളയാള്‍. അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കും. കുറ്റകൃത്യത്തിനു ഉപയോഗിച്ച ഇലക്ട്രോണിക്ക് ഡിവൈസുകള്‍ പിടിച്ചെടുക്കണം. കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

രാഹുല്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിജീവിതയെ അപമാനപ്പെടുത്തി, അതിജീവിതയുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും ആരോപിക്കുന്നു. നേരത്തെ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി രാഹുലിന്റെ ലാപ്ടോപ് പിടിച്ചെടുത്തിരുന്നു. അതേസമയം തന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധികളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ണേഷ് കുമാര്‍ ജഡ്ജ്മെന്റിന്റെ നഗ്‌നമായ ലംഘനമാണിത്. ഏഴ് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ സ്റ്റേഷന്‍ ജാമ്യം കൊടുക്കേണ്ടതാണ്' എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

'രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണം എന്നാണ് ആവശ്യപ്പെട്ടത്, എന്നാല്‍ വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ല' എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അതിജീവിതയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് രാഹുല്‍ ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണം രാഹുല്‍ നിഷേധിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനായി ഇനിയും പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതിനിടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍ തനിക്കെതിരെ കേസെടുത്താല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സന്ദീപ് പ്രതികരിച്ചിരുന്നുതനിക്ക് എതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

അതേസമയം, അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. പരാതിക്കാരിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം സന്ദീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്ദീപ് വാര്യര്‍ക്ക് എസ്.ഐ.ടി നിര്‍ദേശം നല്‍കുമെന്നാണ് വിവരം. പാലക്കാട് തുടരുന്ന അന്വേഷണ സംഘമായിരിക്കും സന്ദീപിനെ ചോദ്യം ചെയ്യുക.

അതിജീവിതയുടെ വിവരങ്ങള്‍ മനപൂര്‍വ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു വര്‍ഷം മുന്‍പ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കില്‍ പങ്ക് വെച്ചത് പലരും ദുരുപയോഗം ചെയ്യുകയായിരുന്നു എന്നുമാണ് സന്ദീപിന്റെ വാദം. അത് പലരും ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.