പാലക്കാട്: തനിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും; നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.. സത്യം ജയിക്കും... എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. നേരിട്ട് പ്രതികരണത്തിന് രാഹുല്‍ തയ്യാറായിട്ടില്ല.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ യുവതി സെക്രട്ടറിയേറ്റില്‍ കുഴഞ്ഞുവീണു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കുഴഞ്ഞുവീണത്. ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍ ഇരയായ യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രം നടപടിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസില്‍ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുവതി പരാതിയുമായി എത്തുമോ എന്നാണ ക്രൈംബ്രാഞ്ച് കാത്തിരുന്നത്.


ശബ്ദരേഖ അടക്കം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഹുലിനെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും. പെണ്‍കുട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചതിലൂടെ പെണ്‍കുട്ടി കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. യുവതി തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുമെന്നുമാണ് വിവരം. തന്റെ പ്ലാന്‍ ആയിരുന്നോ ഇത് എന്നും ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത് എന്നുമാണ് യുവതി രാഹുലിനോട് ചോദിക്കുന്നത്. കുഞ്ഞിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത് ആരാണ്? അത് ഞാന്‍ ആണോ എന്നും യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ചോദിക്കുന്നു.

നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് എന്നും രാഹുലിനോട് പെണ്‍കുട്ടി ചോദിക്കുന്നു. എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത് നിങ്ങള്‍ക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്നും പെണ്‍കുട്ടി പറയുമ്പോള്‍ ''നിനക്കില്ലാത്ത പ്രശ്നം എന്തിനാണ് എനിക്ക്'' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്ദരേഖ പുറത്തുവരുന്നത്. രാഹുലില്‍നിന്ന് ഗര്‍ഭം ധരിച്ചു, അതിന് നിര്‍ബന്ധിച്ചതും ഗര്‍ഭഛിദ്രത്തിന് പിന്നീട് നിര്‍ബന്ധിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയാണിത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍മാങ്കൂട്ടത്തിന്റേത് എന്ന് പറയുന്ന ശബ്ദരേഖയും കേള്‍ക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്സാപ്പ് ചാറ്റില്‍ കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണ്. എന്നാല്‍, ഇവയുടെ ആധികാരികത വ്യക്തമല്ല.

നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. യുവതി മുന്നോട്ടു വരാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഈ സമയത്താണ് ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പറത്തുവരുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടുപിടിച്ചിരുന്നു. അന്ന് അവര്‍ പരാതി നല്‍കാന്‍ സജ്ജമായിരുന്നില്ല. മൊഴി നല്‍കിയിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകള്‍ പോലീസ് ചുമത്തിയേനെ. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ചില ഉറപ്പുകള്‍ നല്‍കിയതിനാലാണ് മൊഴി നല്‍കാതിരുന്നതെന്നാണ് അന്ന് ഉയര്‍ന്ന ആരോപണങ്ങള്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരാതി എത്തിയിരിക്കുന്നത്.