കാണ്‍പൂര്‍: ജാതിയുടെ പേരില്‍ വീട്ടുകാര്‍ പ്രണയബന്ധം എതിര്‍ക്കുകയും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിഷം കഴിച്ച് യുവാവും കാമുകിയും. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ 2022ല്‍ സംഭവിച്ച കാര്‍ അപകടത്തില്‍ നിന്നും രക്ഷിച്ച രജത്കുമാറും കാമുകിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇരുപത്തിയൊന്നുകാരി മരിച്ചു. ആശുപത്രിയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.

കമിതാക്കളായ രജത് കുമാറും (25) മനു കശ്യപുമാണ് വീട്ടുകാര്‍ പ്രണയത്തിന് തടസം നിന്നതോടെ ജീവനൊടുക്കാന്‍ വിഷം കഴിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ ഈ ബന്ധം അംഗീകരിക്കാന്‍ തയാറായില്ല. ഇരുവര്‍ക്കും മറ്റ് വിവാഹാലോചനകള്‍ കൊണ്ടുവന്നതോടെയാണ് രജത്തും മനുവും വിഷം കഴിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മകളെ രജത് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിഷം നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ആളാണ് രജത് കുമാര്‍. 2022 ലായിരുന്നു അപകടം. ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് ആദ്യമെത്തിയ രജതും മറ്റൊരു യുവാവും ചേര്‍ന്ന് കത്തിത്തുടങ്ങിയ കാറില്‍ നിന്നും സാഹസികമായി പന്തിനെ പുറത്തെത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തെ ഇരുവരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സുഖം പ്രാപിച്ച ശേഷം ഋഷഭ് പന്ത് തന്റെ ജീവന്‍ രക്ഷിച്ച യുവാക്കളെ നേരിട്ട് കാണുകയും ഇവര്‍ക്ക് ഓരോ സ്‌കൂട്ടര്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.

അന്ന് ദേശീയ മാദ്ധ്യമങ്ങളില്‍ അടക്കം രജതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.അടുത്തുള്ള ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന രജത് കുമാറും മറ്റൊരു യുവാവും അപകടം കണ്ട് സഹായത്തിനായി ഓടിയെത്തി. തീപിടിച്ച വാഹനത്തില്‍ നിന്ന് പന്തിനെ വലിച്ചിറക്കി അടിയന്തര വൈദ്യസഹായം ഒരുക്കി. അപകടത്തില്‍പെട്ടത് ക്രിക്കറ്റര്‍ പന്താണെന്ന് അറിയാതെയായിരുന്നു ഇവരുടെ രക്ഷാപ്രവര്‍ത്തനം.