ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി കോളേജ് വിദ്യാര്‍ഥിനിയെ വീട്ടുടമസ്ഥനായ കോഴിക്കോട് സ്വദേശി ബലാല്‍സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന്റെ ഉടമയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍, പ്രതി അഷ്‌റഫിനെ അറസ്റ്റ് ചെയ്തു.

സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് അഷറഫ് പീഡിപ്പിച്ചത്. 10 ദിവസം മുമ്പാണ് ഇയാളുടെ വീട്ടില്‍ പെണ്‍കുട്ടി പേയിങ് ഗസ്റ്റായി എത്തിയതെന്ന് പരാതിയില്‍ പറയുന്നു. ശനിയാഴ്ച രാത്രി അഷ്‌റഫ് പെണ്‍കുട്ടിയുടെ മുറിയിലേക്ക് കടന്നുവന്ന് താനുമായി സഹകരിച്ചാല്‍ മാത്രമേ താമസവും ഭക്ഷണവും നല്‍കുകയുള്ളുവെന്ന് പറഞ്ഞു. പെണ്‍കുട്ടി വിസമ്മതിച്ചപ്പോള്‍, അഷ്‌റഫ് ബലമായി കാറില്‍ കയറ്റി നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ മുറിയില്‍ എത്തിച്ച്് ബലാത്സംഗം ചെയ്തു. അതിനുശഷം പിജിയില്‍ തിരികെയെത്തിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നത്. ശനിയാഴ്ച രാത്രി ഏകദേശം പുലര്‍ച്ചെ 12.41 താന്‍ പിജിയിലെ മുറിയില്‍ ഇരിക്കുമ്പോഴാണ് അഷ്‌റഫ് സമീപിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

തന്റെ ലൊക്കേഷന്‍ ഒരു സുഹൃത്തിന് അയക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പുലര്‍ച്ചെ 12.41 നും 2.15 നും ഇടയിലാണ് സംഭവം. പിന്നീട് അഷ്‌റഫ് തന്നെ താമസസ്ഥലത്ത് തന്നെ തിരിച്ചെത്തിച്ചുവെന്നും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പീഡനത്തിന് ശേഷം തിരികെ പിജിയിലെ മുറിയില്‍ എത്തിച്ചു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഒരു മാസം മുമ്പും സമാന രീതിയില്‍ പേയിങ് ഗസ്റ്റ് റസിഡന്‍സി ഉടമ, വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത മറ്റൊരു സംഭവം ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രവി തേജ റെഡ്ഡി എന്ന പ്രതി 21 കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

ഇതേ സ്ഥലത്ത് താമസിക്കുന്ന മറ്റൊരു സ്ത്രീയുടെ മുന്നുസ്വര്‍ണ മോതിരങ്ങള്‍ താന്‍ മോഷ്ടിച്ചെന്ന് പെണ്‍കുട്ടി സമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു പീഡനം. മോഷണത്തെ കുറിച്ച് പൊലീസിനെ അറിയിക്കരുതെന്ന അപേക്ഷിച്ചപ്പോഴാണ് രവി തേജ റെഡ്ഡി സന്ദര്‍ഭം മുതലെടുത്ത് തന്നെ പീഡിപ്പിച്ചതെന്നും നഴ്‌സിങ് വിദ്യാര്‍ഥിനി പരാതിപ്പെട്ടിരുന്നു.