- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണം തന്നെ; ഡോ.ഉമര്‍ ഉന്‍ നബി ചാവേറെന്നും സ്ഥിരീകരിച്ച് എന്‍ഐഎ; ജെയ്ഷ് ബന്ധമുള്ള പ്രതി ഉപയോഗിച്ചത് വാഹനത്തില്‍ ഘടിപ്പിച്ച ഐ ഇ ഡി; ഉമറിന്റെ മുഖ്യസഹായി കൂടി പിടിയില്‍; സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ 20 കാര്‍ വാങ്ങിയത് അമീര്‍ റഷീദ് അലിയുടെ പേരിലെന്നും ദേശീയ അന്വേഷണ ഏജന്‍സി
ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണം തന്നെ
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ചാവേറാക്രമണം തന്നെയെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ ഉന്‍ നബി ചാവേര്‍ തന്നെയാണെന്നും ഉറപ്പിച്ചു. ഉമര്‍ നബി ഉപയോഗിച്ചത് വാഹനത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു( I E D) (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആയിരുന്നു. എന്‍.ഐ.എ. ഇദ്ദേഹത്തിന്റെ മറ്റൊരു വാഹനവും തെളിവുകള്‍ക്കായി പിടിച്ചെടുത്ത് പരിശോധിക്കുന്നുണ്ട്.
ഇതിനുപുറമെ, സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉമറിന്റെ മുഖ്യ സഹായിയായ അമീര്‍ റഷീദ് അലിയാണ് പിടിയിലായത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാര്‍ ഇയാളുടെ പേരിലാണ് വാങ്ങിയതെന്ന് അന്വേഷണ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ സോപോര്‍ സ്വദേശിയായ അമീര്‍ റഷീദ് അലിയെ ഡല്‍ഹിയില്‍ വെച്ചാണ് പിടികൂടിയത്. ഇയാള്‍ക്കും മെഡിക്കല്‍ രംഗവുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള പശ്ചാത്തലങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. എന്‍ഐഎയുടെ കണ്ടെത്തല്‍ അനുസരിച്ച്, അമീറും ഉമര്‍ നബിയും ചേര്‍ന്ന് കശ്മീരില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ ഭാഗമായാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചതെന്നും പറയുന്നു. കാര്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് അമീര്‍ ഡല്‍ഹിയിലെത്തിയത്.
സ്‌ഫോടനത്തില്‍ രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് എന്‍ഐഎ നേരത്തെ തന്നെ സംശയിച്ചിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഏജന്‍സിക്ക് വ്യക്തമായിരുന്നു. സ്‌ഫോടനം നടന്ന ദിവസത്തെ നഗരത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങളില്‍ ഉമര്‍ നബിയുടെ സാന്നിധ്യം പതിഞ്ഞിരുന്നു. ഇതോടെയാണ് സ്‌ഫോടനം നടത്താന്‍ മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിരിക്കാമെന്ന് അന്വേഷണ ഏജന്‍സി അനുമാനിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആമിറിന്റെ പങ്കും പുറത്തുവന്നത്.
ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് ചാവേറായ ഡോ. ഉമര്‍ നബി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറിലെത്തി ഉമര്‍ നബി തിരക്കേറിയ റോഡില്‍ വെച്ചാണ് സ്‌ഫോടനം നടത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചത്. ഈ സ്‌ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 20-ല്‍ ഏറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ, സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരും ഡോക്ടര്‍മാരുമായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു
അതേസമയം, ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്ന മൂന്നു ഡോക്ടര്‍മാരടക്കം നാലുപേരെ എന്‍.ഐ.എ വിട്ടയച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രധാന പ്രതിയായ ഉമര്‍ നബിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഹരിയാനയിലെ നൂഹില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
വിട്ടയച്ചവരില്‍ ഡോക്ടര്‍മാരായ ഡോ. റെഹാന്‍, ഡോ. മുഹമ്മദ്, ഡോ. മുസ്താഖീം എന്നിവരും വളം ഡീലറായ ദിനേശ് സിംഗ്ലയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരടക്കം 73 സാക്ഷികളെ ഏജന്‍സി ഇതുവരെ പരിശോധിച്ചു. ഡല്‍ഹി പോലീസ്, ജമ്മു കശ്മീര്‍ പോലീസ്, ഹരിയാന പോലീസ്, ഉത്തര്‍പ്രദേശ് പോലീസ് തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ച് അന്വേഷണം പല സംസ്ഥാനങ്ങളിലായി തുടരുകയാണ്.




