കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത് രാജിവച്ച ശേഷവും പോലീസില്‍ പരാതിക്കില്ലെന്നായിരുന്നു ബംഗാളി നടി വിശദീകരിച്ചത്. അടുത്ത സുഹൃത്തുക്കളോടും അവരത് പറഞ്ഞിരുന്നു. എന്നാല്‍ ആ നിലപാട് എടുത്ത നടിയെ അപമാനിക്കുകയും അവഹേളിക്കുകയുമായിരുന്നു രഞ്ജിത് പിന്നീട് ചെയ്തത്. ആരോപണം പരസ്യമായി നിഷേധിച്ച രഞ്ജിത് നടിയെ കോടതി കയറ്റുമെന്നും പ്രഖ്യാപിച്ചു. ഇതോടെ അവര്‍ക്ക് പരാതി കൊടുക്കേണ്ടിയും വന്നു. യഥാര്‍ത്ഥ സിപിഎം അനുഭാവിയാണ് ബംഗാളി നടി. അതുകൊണ്ട് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അവരെ പോലും രഞ്ജിത്തിന്റെ രാജിക്ക് ശേഷമുള്ള ഓഡിയോ സന്ദേശം ഞെട്ടിച്ചു. അങ്ങനെ രഞ്ജിത്തിനെതിരെ പോലീസില്‍ പരാതിയും എത്തി.

ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോര്‍ത്ത് പോലീസ് അതിവേഗ നടപടികള്‍ എടുത്തു. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാം സുന്ദര്‍ അറിയിച്ചു. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലൈംഗീക പീഡനത്തില്‍ കുടുങ്ങി അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ രാജിക്ക് ശേഷമായിരുന്നു രഞ്ജിത്തിന്റെ പടിയിറക്കം. ഈ രാജി എഴുതി വാങ്ങാന്‍ രഞ്ജിത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയവരും ഇനി കേസൊന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു. ഇത് രഞ്ജിത്തിനേയും അറിയിച്ചു.

അതിന് ശേഷവും ബംഗാളി നടിയെ രഞ്ജിത് പ്രകോപിപ്പിച്ചു. അതുകൊണ്ടാണ് ഇമെയിലില്‍ പരാതി കിട്ടിയപ്പോള്‍ തന്നെ കേസെടുത്തത്. ഇനി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടി വരും. അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും. സത്യമറിയാതെയാണ് പലരും ആക്രമണം നടത്തുന്നത്. പാര്‍ട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയും സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ട്ടിയെ ചെളിവാരിയെറിയാന്‍ തന്റെ പേര് ഉപയോഗിക്കുന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സര്‍ക്കാര്‍ പ്രതിച്ഛായയ്ക്കു കളങ്കമേല്‍ക്കുന്ന പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും നിയമപരമായി തന്നെ സത്യം തെളിയിക്കുമെന്നും രഞ്ജിത് വിശദീകരിച്ചു. നടി പറഞ്ഞതില്‍ ഒരു ഭാഗം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് രാജി സമര്‍പ്പിച്ചത് എന്നായിരുന്നു വിശദീകരണം. ഈ പ്രസ്താവനയാണ് പോലീസില്‍ കേസ് നല്‍കുന്നതിലേക്ക് ബംഗാളി നടിയെ പ്രേരിപ്പിച്ചത്.

വയനാട്ടിലെ പ്രതിഷേധത്തിനൊടുവില്‍ അവിടെനിന്ന് രഞ്ജിത്ത് കോഴിക്കോട്ടെ വീട്ടിലേക്കോ ബാലുശ്ശേരിയിലെ തറവാട് വീട്ടിലേക്കോ എത്തുമെന്നായിരുന്നു കരുതിയത്. എന്നാല്‍, കോഴിക്കോടുള്ള മറ്റൊരു വീട്ടിലാണ് രഞ്ജിത്ത് ഉള്ളതെന്നാണ് സൂചന. അറസ്റ്റൊഴിവാക്കാനുള്ള ഒളിവ് ജീവിതം. അഭിഭാഷകരുമായും രഞ്ജിത് സംസാരിച്ചിട്ടുണ്ട്. ജാമ്യമില്ലാ കേസെടുത്ത നോര്‍ത്ത ്‌പോലീസ് പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ്‌ലൈന്‍ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളും. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 2009-ല്‍ സിനിമയുടെ ചര്‍ച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

രഞ്ജിത്ത് സംവിധാനംചെയ്ത 'പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയുണ്ടായി. തുടര്‍ന്ന് ചര്‍ച്ചയുടെ ഭാഗമായി കൊച്ചി കലൂര്‍ കടവന്ത്രയില്‍ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്‌ലാറ്റിലേക്ക് വിളിച്ചു. ചര്‍ച്ചയ്ക്കിടെ, കൈയില്‍ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഫ്‌ലാറ്റില്‍നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയില്‍ പറയുന്നു.

സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാന്‍ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷന്‍ പരിധിയിലാണ് പരാതി നല്‍കിയിരിക്കുന്നത്.