കൊച്ചി: ഭര്‍ത്താവിനും മക്കള്‍ക്കും ദുര്‍മരണം ഉണ്ടാകുമെന്ന് വീട്ടമ്മയെ പറഞ്ഞ് പറ്റിച്ച് സ്വര്‍ണം മുഴുവന്‍ കവര്‍ന്ന് കേസില്‍ പ്രതി പിടിയില്‍. വീട്ടമ്മയുടെ സമ്മതപ്രകാരമാണ് ഇയാള്‍ സ്വര്‍ണം എല്ലാം കൈക്കലാക്കുന്നത്. പിന്നീട് ഭര്‍ത്താവ് പിടിക്കപ്പെടും എന്ന് ആയപ്പോള്‍ പ്രതി തന്നെ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതി അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ആറിനാണ് ആലുവ കാസിനോ തിയേറ്ററിന് സമീപത്തെ തിയേറ്ററിന് സമീപത്തുള്ള വീട്ടില്‍ നിന്നും കവര്‍ച്ച നടക്കുന്നത്. നല്‍പത് പവനും എട്ടര ലക്ഷം രൂപയുമാണ് മോഷ്ണം പോയത്. വീട്ടുടമയായ ഇബ്രാഹിമാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന്റെ മുന്‍ വാതില്‍ തകര്‍ത്തും മുറികള്‍ മുഴുവന്‍ അരിച്ചുപെറുക്കിയും നിലയിലായിരുന്നു. പകല്‍ പതിനൊന്നുമണിയോടെ ഇബ്രാഹിമിന്റെ ഭാര്യ പുറത്തുപോയ സമയത്താണ് കവര്‍ച്ച നടന്നതെന്നും പരാതിയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ കവര്‍ച്ച നടന്നു എന്ന് പറയുന്ന സമയത്ത് ആരും തന്നെ ആ ഭാഗത്ത് എത്തിയിട്ടില്ലെന്ന് കണ്ടെത്തി. പിന്നീട് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കളമശേരി സ്വദേശിയായ ഉസ്താദ് എന്ന് വിളിക്കുന്ന അന്‍വറിനെ ഇടയ്ക്കിടെ ഇവിടെ വന്നിരുന്നതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യതതോടെയാണ് കവര്‍ച്ചാ നാടകം പൊളിയുന്നത്.

മന്ത്രവാദം എന്ന പേരിലാണ് കവര്‍ച്ച നടന്ന വീട്ടിലെ വീട്ടമ്മയുമായി ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടില്‍ സ്വര്‍ണവും പണവും ഉണ്ടെന്ന് മനസിലാക്കി. സ്വര്‍ണം വീട്ടിലിരിക്കുന്നത് ഭര്‍ത്താവിന്റെയും മക്കളുടെയും ജീവന് ഭീഷണിയാണെന്ന് ഇയാള്‍ വീട്ടമ്മയെ പറഞ്ഞ് വിശ്വസിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ആറ് തവണയായി മുഴുവന്‍ പണവും സ്വര്‍ണയും ഇയാള്‍ കൈക്കലാക്കി. വീട്ടമ്മ തന്നെയാണ് ഇതെടുത്തുകൊണ്ടുപോയി അന്‍വറിന് കൈമാറിയത്.

പിന്നീട്, പണവും സ്വര്‍ണവും തീര്‍ന്നതോടെ ഭര്‍ത്താവിനോട് എന്ത് മറുപടി പറയുമെന്ന ആശങ്കയിലായി വീട്ടമ്മ. ഒടുവില്‍ അന്‍വര്‍ തന്നെയാണ് കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത്. വീടിന്റെ മുന്‍ വാതില്‍ തകര്‍ക്കാന്‍ ഇയാള്‍ വീട്ടമ്മയോട് ആവശ്യപ്പെട്ടു. വീട്ടിലെ അലമാരകളും മുറികളും അലങ്കോലമാക്കിയിടാനും നിര്‍ദ്ദേശം. കവര്‍ച്ച നടന്നതായി വരുത്തുകയായിരുന്നു ലക്ഷ്യം. താന്‍ പുറത്തുപോയ സമയം വീട്ടില്‍ കവര്‍ച്ച നടന്നെന്ന് വീട്ടമ്മ ഭര്‍ത്താവിനോട് പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി എത്തിയത്. നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ ഏറിയും പങ്കും അന്‍വര്‍ വിറ്റതായി കണ്ടെത്തി. ഒന്നരലക്ഷം രൂപയും കുറച്ച് സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്.