തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗിക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് സുപ്രധാന രേഖകളും ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. എട്ടു മണിക്കൂറിലധിക നീണ്ട പരിശോധനയില്‍ ഉണ്ണിക്കൃഷ്ണന്റെ വസ്തുവകകളുടെ രേഖകളും സംഘം പരിശോധിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ വീട്ടിലെത്തിയ എത്തിയ സംഘം അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്തവ തങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരങ്ങളാണെന്നാണ് കുടുംബം പറയുന്നത്. നിരവധി ഭൂമി ഇടപാടിന്റെ രേഖകളും പോറ്റി വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇയാള്‍ തിരുവനന്തപുരം നഗരത്തില്‍ വിവിധ അടങ്ങളിലായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതില്‍ വിശദമായ അന്വേഷണം നടത്തും.

ഇതിനിടെ, പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിനെ കൂട്ടുനിന്ന് അന്നത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തശേഷം ചെന്നൈ , ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകും.

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ബംഗളൂരുവിലെ ഗൂഢാലോചനയില്‍ കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. ഇതോടെയാണ് അന്വേഷണം ഇതര ജില്ലകളിലേക്കും നീങ്ങുന്നത്.

സ്വര്‍ണ്ണക്കൊള്ളയില്‍ ആദ്യ ഗൂഢാലോചന നടത്തിയത് കല്‍പേഷ് ഉള്‍പ്പെടെയുള്ള കര്‍ണാടക സ്വദേശികളായ അഞ്ചംഗ സംഘമാണ്. ഇതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഉന്നതരുണ്ട്. തനിക്ക് വലിയ ലാഭമുണ്ടായിട്ടില്ലെന്നും വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് ഈ സംഘമാണെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായകമാകുന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കസ്റ്റഡിയിലെടുത്ത് പോറ്റിയോടൊപ്പം ചോദ്യം ചെയ്യാന്‍ എസ്ഐടി നീക്കം നടത്തുന്നുണ്ട്. പാളികള്‍ കൈമാറിയതിലെ രേഖകള്‍ കാണാതായതിലടക്കം ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ചൊവ്വാഴ്ചയോടെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടില്‍ എസ്ഐടി സംഘം പരിശോധന നടത്തി. പോറ്റിയുടെ മൊബൈല്‍, ലാപ്ടോപ്, വീട്ടിലുള്ള രേഖകള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്. യാത്രാവിവരങ്ങള്‍ അടക്കമുള്ളവയുടെ രേഖകള്‍ ശേഖരിച്ചെന്നാണ് വിവരം. അതേസമയം പോറ്റിക്ക് വേണ്ടി ഉടന്‍ അഭിഭാഷകന്‍ ജോയിന്റ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. നിലവിലുള്ള കസ്റ്റഡി രണ്ടാമത്തെ കേസില്‍ കൂടി ബാധകമാക്കണമെന്നാണ് ആവശ്യം. പോറ്റി സ്വര്‍ണ്ണക്കൊള്ളയില്‍ നിരപരാധിയാണെന്നാണ് അഭിഭാഷകന്റെ വാദം.

ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കിയത് രണ്ട് കിലോ സ്വര്‍ണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പതിച്ച ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വര്‍ണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടര്‍ന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിച്ചു. ശേഷം 394 ഗ്രാം സ്വര്‍ണം മാത്രം പൂശിയ ശേഷം ബാക്കി സ്വര്‍ണം കൈക്കലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അന്യായ നഷ്ടം വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ശേഷം ദ്വാരപാലകശില്‍പങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലുമുള്ള പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെ എത്തിച്ച് പൂജ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.