ലണ്ടന്‍: പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു കൊല്ലപ്പെട്ട സാറ ഷെരീഫിന്റെ രണ്ടാനമ്മയായ ബീനാശ് ബാത്തൂള്‍ പെരുമാറിയിരുന്നതെന്ന് അവരുടെ അയല്‍ക്കാര്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തി. കുഞ്ഞിന് നേരെ അലറി വിളിക്കുന്നത് അവരുടെ പതിവായിരുന്നുവെന്നും, ഇത് തുടര്‍ന്നാല്‍ കുഞ്ഞിനെ തന്റെ ഫ്‌ലാറ്റിലേക്ക് മാറ്റുമെന്ന് അയല്‍ക്കാരി മുന്നറിയിപ്പ് നല്‍കിയതായും കോടതിയെ ബോധിപ്പിച്ചു. അതിക്രൂരമായിരുന്നു 30 കാരിയായ ബീനാശ് ബാത്തൂളിന്റെ കുഞ്ഞിനോടുള്ള പെരുമാറ്റമെന്നും സാക്ഷികള്‍ പറഞ്ഞു. ചിലപ്പോള്‍ വാതിലില്‍ ശക്തിയായി മുട്ടുന്ന ശബ്ദം കേള്‍ക്കാം. ആരെയോ മുറിയില്‍ അടച്ചിട്ട്, അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തരത്തിലുള്ളതായിരുന്നു അതെന്നും അയല്‍ക്കാരിയായ റെബെക്ക സ്പെന്‍സര്‍ കോടതിയില്‍ പറഞ്ഞു. ഇതെല്ലാം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പലതവണ ചിന്തിച്ചെങ്കിലും അത് ചെയ്തില്ല എന്നും അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ജഡ്ജിമാരോട് പറഞ്ഞു.

പത്ത് വയസ്സുകാരിയായ സാറയെ തല്ലിക്കൊന്നതിന് ശേഷം ബാത്തൂള്‍ സാറയുടെ പിതാവ് ഉര്‍ഫാന്‍ ഷരീഫിനും അമ്മാവന്‍ ഫൈസല്‍ മാലിക്കിനും ഒപ്പം പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.പാകിസ്ഥാനിലെത്തിയ ശേഷമായിരുന്നു ഉര്‍ഫാന്‍ ഫോണ്‍ ചെയ്ത് ബ്രിട്ടീഷ് പോലീസിനോട് കൊലപാതക വിവരം അറിയിച്ചത്. പിതാവിനൊപ്പം മറ്റ് രണ്ടു പേരും കുട്ടിയുടെ മരണത്തിന് ഉത്തരവാദികളാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഉര്‍ഫാന്റെ ഫ്‌ലാറ്റിന് മുകള്‍ നിലയിലുള്ള ഫ്‌ലാറ്റില്‍ 2018 മുതല്‍ 2020 വരെ താമസിച്ചിരുന്ന വ്യക്തിയായിരുന്നു സാക്ഷി പറയാന്‍ എത്തിയ സ്‌പെന്‍സര്‍.

തന്റെ രണ്ടാം ഭാര്യ, മകളോട് ഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യം സ്പെന്‍സര്‍ കോടതിയില്‍ വ്യക്തമാക്കുമ്പോള്‍ പിതാവായ ഉര്‍ഫാന്‍ കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു. 2020 ല്‍ സ്പെന്‍സറുടെ ഫ്‌ലാറ്റിലേക്ക് അവരുടെ സുഹൃത്തായ ചോള്‍ റേഡ്വിന്‍ താമസത്തിനെത്തി. അവിടെ എത്തിയ ആദ്യ രാത്രിയില്‍ തന്നെ കുഞ്ഞിന്റെ നിലവിളി കേട്ടതായി അവര്‍ കോടതിയില്‍ പറഞ്ഞു. ആദ്യം ഒരു കുഞ്ഞ് കരയുന്നതിന്റെയും പിന്നീട് കൂട്ടത്തോടെയുള്ള ആക്രോശങ്ങളുമാണ് കേട്ടതെന്നും അവര്‍ പറഞ്ഞു.

എപ്പോഴും ഒരു സ്ത്രീ ആക്രോശിക്കുന്നതാണ് കേള്‍ക്കാറുണ്ടായിരുന്നത് എന്ന് റെഡ്വിന്‍ പറഞ്ഞു. ആ വീട്ടില്‍ ആകെ ഉണ്ടായിരുന്ന ഒരു സ്ത്രീ സാറയുടെ രണ്ടാനമ്മയായ ബാത്തൂള്‍ മാത്രമായിരുന്നു. പലപ്പോഴും തികച്ചും അശ്ലീലങ്ങളായ പദങ്ങള്‍ ഉപയോഗിച്ചായിരുന്നു അവര്‍ അലറി വിളിച്ചിരുന്നതെന്നും റെഡ്വിന്‍ കോടതിയില്‍ പറഞ്ഞു. വിചാരണക്കിടയില്‍ സാറയുടെ പിതാവ് ഉര്‍ഫാന്‍ ഷറീഫ്, കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. കോടതി തത്ക്കാലത്തേക്ക് വിചാരണ നിര്‍ത്തിവെച്ച് അയാള്‍ മടങ്ങി വരുവാന്‍ കാത്തിരിക്കുകയും ചെയ്തു. അതേസമയം, തികച്ചും നിര്‍വികാരയായായിരുന്നു ബാത്തൂള്‍ സാക്ഷിമൊഴികള്‍ കേട്ട് നിന്നത്. ഇടക്കൊക്കെ അവര്‍ തല കുലുക്കുന്നുമുണ്ടായിരുന്നു.

ഉര്‍ഫാന്‍ ഷെരീഫിന്റെ ആദ്യ ഭാര്യയും പോളിഷ് വംശജയുമായ ഓള്‍ഗ ഷെറീഫില്‍ ജനിച്ച കുട്ടിയാണ് സാറ. 2023 ജനുവരി മുതല്‍ സാറ ഹിജാബ് ധരിക്കാന്‍ തുടങ്ങിയതായി റെഡ്വിന്‍ കോടതിയില്‍ അറിയിച്ചു. ഹിജാബില്‍ അവള്‍ മനോഹരിയായിരിക്കുന്നുവെന്ന് ബാത്തൂള്‍ ഒരിക്കല്‍ പറഞ്ഞുവെന്നും അവര്‍ പറഞ്ഞു.