മലപ്പുറം: എസ്ഡിപിഐയുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്നത് രാജ്യവ്യാപക റെയ്ഡ്. ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്ത് അടക്കം 14 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു പരിശോധനകള്‍. കേരളത്തില്‍ മലപ്പുറത്ത് ഉള്‍പ്പെടെ മൂന്നിടത്താണ് പരിശോധന. കനത്ത സുരക്ഷാ വിന്യാസത്തിലാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ മുമ്പ് കേന്ദ്ര ഏജന്‍സി പരിശോധനയ്ക്ക് എത്തിയപ്പോള്‍ വലിയ ചെറുത്തു നില്‍പ്പുണ്ടായി. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. എല്ലായിടത്തും റെയ്ഡ് സമാധാന പരമായി നടത്താന്‍ ഇഡിയ്ക്കായി. ഉടന്‍ എസ് ഡി പി ഐയെ നിരോധിക്കാനും സാധ്യതയുണ്ട്.

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് ഇഡി നടപടികള്‍. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിക്കുന്നത് നിരോധിത സംഘടനയായ പിഎഫ്‌ഐ ആണെന്നാണ് ഇഡി ആരോപിക്കുന്നത്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പിഎഫ്‌ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവര്‍ പ്രവര്‍ത്തിക്കുന്നതായും ഇഡി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടുത്തിടെ തിരുവനന്തപുരത്ത് എസ് ഡി പി ഐ വിജയിച്ചു. ഇതോടെയാണ് എസ് ഡി പി ഐ വീണ്ടും ശക്തമായി എത്തുന്നുവെന്ന് കേന്ദ്രം തിരിച്ചറിയുന്നത്. ഈ സാഹചര്യത്തിലാണ് നടപടികള്‍.

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച പണം എസ്ഡിപിഐക്ക് കൈമാറിയതായി ഇ ഡി കണ്ടെത്തിയിരുന്നു. എസ്ഡിപിഐയുടെ ദേശീയ ആസ്ഥാനമായ ഡല്‍ഹിയിലെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. കൂടാതെ തിരുവനന്തപുരം, മലപ്പുറം, ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍, ജാര്‍ഖണ്ഡിലെ പാകൂര്‍, മഹാരാഷ്ട്രയിലെ താനെ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലും ഇ ഡി തിരച്ചില്‍ നടക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണ കേസിലാണ് ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഫൈസിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ഇ ഡി വിശദമായി ചോദ്യം ചെയ്ത വരികയാണ്. എസ്.ഡി.പി.ഐയെയും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തേക്കുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പുറമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്തും.എസ്.ഡി.പി.ഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇ.ഡി. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇ.ഡി. ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് സംഘടനകളും ഒന്നാണെന്നു പറഞ്ഞത്. 2018 മുതല്‍ എം.കെ. ഫൈസി എസ്.ഡി.പി.ഐയുടെ ദേശീയ അധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയാണെന്നും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ' ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ. രൂപീകരിച്ചത്. എസ്.ഡി.പി.ഐയുടെ സാമ്പത്തിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത് പോപ്പുലര്‍ ഫ്രണ്ടാണ്. എസ്.ഡി.പി.ഐക്കു വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു നല്‍കി. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 കോടി രൂപ നല്‍കിയതിന്റെ രേഖകളും ലഭിച്ചു.'-ഇ.ഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ) 2022 സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചത്. പല അക്കൗണ്ടുകളിലൂടെ പി.എഫ്.ഐയില്‍ നിന്ന് 4.07 കോടി രൂപ എസ്.ഡി.പി.ഐയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. ഇതേപ്പറ്റിയുള്ള ചോദ്യംചെയ്യലിന് വേണ്ടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പന്ത്രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും എം.കെ. ഫൈസി ഹാജരായിരുന്നില്ല. തുടര്‍ന്നായിരുന്നു അറസ്റ്റ്.