തിരുവനന്തപുരം: വ്‌ളോഗര്‍ ദമ്പതിമാരുടെ മരണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സെല്ലൂ ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയറും വീട്ടില്‍ നിന്ന് കണ്ടെത്തി. ദമ്പതികളുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുളളില്‍ മൃതദേഹം കണ്ടത്. ചെവാരക്കോണത്തിന് ഞെട്ടലായി ഈ വിയോഗ വാര്‍ത്ത. കുറച്ചുകാലം മുമ്പാണ് ഇവര്‍ വീടുവച്ച് താമസമായത്. നാടന്‍ ഭക്ഷണ വീഡിയോയിലൂടെയാണ് പ്രിയ യു ട്യൂബിലെ ചാനല്‍ മുമ്പോട്ട് കൊണ്ടു പോയത്.

എറണാകുളത്ത് ഹോം നഴ്‌സിങ്ങ് ട്രെയിനിയായ മകന്‍ വെളളിയാഴ്ച രാത്രിയും ഫോണില്‍ ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ വീട്ടിലേക്ക് വന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകന്‍ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാല്‍ വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീട്ടിനുള്ളില്‍ പ്രിയയും ഭര്‍ത്താവും മരിച്ച നിലയിലായിരുന്നു.

വീടിനുളളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. യൂട്യൂബില്‍ സജീവമായിരുന്ന പ്രിയ വെളളിയാഴ്ച രാത്രി മരണം സംബന്ധിച്ച സൂചന നല്‍കി കൊണ്ടുളള വീഡിയോ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ആത്മഹത്യയിലേക്കുള്ള സൂചനയായി പോലീസ് കരുതുന്നു. രണ്ടു പേരും സ്വയം തീരുമാനിച്ച് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. എന്നാല്‍ നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യുന്നുണ്ട്. വീടിന്റെ കതക് അടയ്ക്കാത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ മരണ ശേഷം വീട്ടിനുള്ളിലേക്ക് ആളുകളെത്താന്‍ വേണ്ടിയാകും ഇങ്ങനെ എന്നാണ് പോലീസ് ഭാഷ്യം.

വിടപറയും നേരം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാതലത്തില്‍ ഇരുവരുടെയും വിവിധ ഫോട്ടോകളും വീഡിയോയും ചേര്‍ത്ത് നിര്‍മ്മിച്ച വീഡിയോയാണ് ഇവര്‍ അവസാനമായി ചാനലില്‍ പോസ്റ്റ് ചെയ്തത്. എല്ലാ ദിവസവും രാത്രി യൂട്യൂബില്‍ ലൈവ് വന്നിരുന്ന പ്രിയ വ്യാഴാഴ്ചയാണ് അവസാനമായി ലൈവിലെത്തിയത്. അവസാന രണ്ട് ദിവസങ്ങളില്‍ നാല് മണിക്കൂറും ആറ് മണിക്കൂറും നീണ്ട നില്‍ക്കുന്ന ലൈവാണ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുളളത്.

വ്യാഴാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്ത അവസാനത്തെ ലൈവ് വീഡിയോയിലും വളരെ സന്തോഷവതിയായിരുന്നു പ്രിയ. നിര്‍മ്മാണ തൊഴിലാളിയാണ് സെല്‍വരാജ്. ഇവര്‍ രണ്ടു പേരും ചേര്‍ന്നുള്ള നിരവധി വീഡിയോകളും യൂട്യൂബിലിട്ടിട്ടുണ്ട്. 17000ത്തില്‍ അധികം സബ്സ്‌ക്രൈബേഴ്സ് ഇവരുടെ ചാനലിനുണ്ടായിരുന്നു. സെല്‍വരാജിന്റെ പേരില്‍ നിന്നാണ് സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിന്റെ പേരു വന്നതെന്നാണ് സൂചന.