- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി പോലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടില്‍ ഒളിപ്പിച്ച് ഒരാഴ്ചയോളം ലൈംഗിക പീഡനം; സിസിടിവികള്‍ക്ക് മുന്നിലൂടെ തനിച്ചുള്ള പരക്കം പാച്ചില്‍; തിട്ടയിടിഞ്ഞ് ആറ്റില്‍ വീണെങ്കിലും നീന്തിക്കയറി രക്ഷപ്പെട്ടു; പോലീസിനെ വരെ ഞെട്ടിച്ച ക്രിമിനല്‍ പിടിയില്‍
പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി കാട്ടില്‍ ഒളിപ്പിച്ച് ഒരാഴ്ചയോളം ലൈംഗിക പീഡനം
പന്തളം: പന്തളത്ത് നിന്നും ഡിസംബര്‍ 19 ന് കാണാതായ പെണ്‍കുട്ടിയെ പോലീസ് അതിസാഹസികമായി കണ്ടെത്തി. പ്രണയം നടിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവ് പോലീസിന്റെ കണ്ണുവെട്ടിച്ച് കുട്ടിയെ കാട്ടിലൊളിപ്പിച്ച് നിരന്തരം പീഡിപ്പിച്ചു. പോലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ സിസിടിവി ക്യാമറകള്‍ക്ക് മുന്നിലൂടെ പോയതിന് ശേഷം കാട്ടുവഴികളിലൂടെ താമസ സ്ഥലത്ത് വന്നു. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ഒളിക്കുന്നതിനിടെ തിട്ടയിടിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ വീണെങ്കിലും നീന്തിക്കയറി. കൂറ്റന്‍ ആഞ്ഞിലിമരം ഒളിത്താവളമാക്കിയുള്ള യുവാവിന്റെ പരീക്ഷണവും പാളി. ഒടുവില്‍ പോലീസ് ഒളിസ്ഥലം കണ്ടെത്തിയപ്പോള്‍ ഞെട്ടി. കരിയിലയും കാട്ടുചെടിയും അതിനുള്ളില്‍ പായും തലയിണയും കൊണ്ട് ഒരുക്കിയ മണിയറ! കഴിക്കാന്‍ സുഹൃത്തുക്കള്‍ എത്തിച്ചു നല്‍കിയ ബ്രഡും മറ്റ് സാധനങ്ങളും. ഇതു പോലൊരു ക്രിമിനലിനെ കണ്ടിട്ടില്ലെന്ന് പോലീസും പറയുന്നു.
വെണ്മണി തൊട്ടലില്‍ വീട്ടില്‍ ശരണ്‍ ( 20) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പതിനേഴുകാരിയെ കഴിഞ്ഞ 19 ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വശീകരിച്ച് ഇയാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോണ്‍ നമ്പരിന്റെ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോള്‍ ഇയാള്‍ തിരിച്ച് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.
പോലീസ് സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും കണ്ണുവെട്ടിച്ച് ഇയാള്‍ വെണ്‍മണിയിലെ സ്‌കൂളിന്റെ സമീപമുള്ള മുളമ്പള്ളി വയല്‍ പ്രദേശത്തെ കൊടുംകാട്ടില്‍ കുട്ടിയുമായി ഒളിക്കുകയായിരുന്നു. ഇവിടെ പുല്ലൊക്കെ വെട്ടി കരിയില കൂട്ടിയിട്ട് പായയും ബെഡ്ഷീറ്റും വിരിച്ചു തയാറാക്കി. ഇവിടേയ്ക്കാണ് ഇയാള്‍ കുട്ടിയുമായി എത്തിയത് .വളരെ നാടകീയമായിരുന്നു ഇരുപതുകാരന്റെ പ്രവൃത്തികള്‍. കുട്ടിയെ കാട്ടില്‍ എത്തിച്ച ശേഷം പോലീസിന്റെ ശ്രദ്ധ തിരിക്കാനായി വെട്ടിയാര്‍ വഴി മാങ്കാംകുഴിയിലേക്ക് മെയിന്‍ റോഡില്‍ സിസിടിവി ഉള്ള വഴിയിലൂടെ സഞ്ചരിക്കുകയും തുടര്‍ന്ന് കാടു പടര്‍ന്നു നില്‍ക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്തത്.
കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കി. പടനിലത്തുള്ള സുഹൃത്ത് എത്തിച്ച ബ്രഡ് അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചാണ് കഴിഞ്ഞത്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ സുഹൃത്തിന്റെ സഹായത്തോടെ എത്തിച്ചിരുന്നു. ഇടയ്ക്ക് രക്ഷപ്പെടാന്‍ പണത്തിനായി സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും പോലീസ് അവിടെ എത്തിയതറിഞ്ഞ് അച്ചന്‍ കോവിലാറിന്റെ തീരത്ത് കാട് വളര്‍ന്നു നില്‍ക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നു. പോലീസ് കാട്ടിനുള്ളില്‍ തെരയുന്നതിനിടെ തിട്ട ഇടിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ വീണു. അവിടെ നിന്ന് നീന്തിക്കയറി കാട്ടിലെ ആഞ്ഞിലി മരത്തിന് മുകളില്‍ കയറി പതുങ്ങിയിരുന്നു. പോലീസിന്റെ ശ്രദ്ധ തിരിച്ച ശേഷം വീണ്ടും ഇയാള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടു.
ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറിലധികം പേരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് വച്ച് ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പോലീസിനെ ഭയന്ന് ഉപേക്ഷിച്ചു. ഒരാഴ്ച്ചയോളം കാട്ടിനുള്ളില്‍ കുട്ടിയെ പീഡനത്തിന് വിധേയനാക്കി കഴിഞ്ഞു കൂടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ടുവട്ടം പോലീസിന്റെ വലയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ദിവസങ്ങളോളം നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷനുകള്‍ ലോഡ്ജുകള്‍ ഹോം സ്റ്റേകള്‍, സ്ത്രീകള്‍ മാത്രം വാടകയ്ക്ക് താമസിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും മറ്റും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും ലഭ്യമാക്കി.
യുവാവിനെ പിടികൂടുന്നതിന് അടൂര്‍ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലും പന്തളം എസ്.എച്ച്.ഒ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലും എസ്.ഐ വിനോദ്കുമാര്‍, എ.എസ്.ഐമാരായ ഷൈന്‍, സിറോഷ്, പോലീസുദ്യോഗസ്ഥരായ അനീഷ്, അനുപ, അമീഷ്, അന്‍വര്‍ഷ , അര്‍ച്ചിത്, വിപീഷ്, അഖില്‍, അമല്‍ ഹനീഫ് എന്നിവരടങ്ങിയ 12 അംഗ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ പലവഴിക്ക് പിരിഞ്ഞു അന്വേഷണം വ്യാപിക്കുകയും ചെയ്തു.
കാട്ടില്‍ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം , പ്രദേശവാസികളുടെ സഹകരണത്തോടെ കയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്താന്‍ സാധിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയതില്‍, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വെളിവായി. തുടര്‍ന്ന് പ്രതിയെ അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, കൊട്ടാരക്കര സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വിശദമായി അന്വേഷിക്കുകയാണ് പോലീസ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്